Home Nationalഡൽഹി ഹോട്ടൽ തീപിടിത്തം: 21 മരണം; ഹോട്ടൽ കുക്ക് അറസ്റ്റിൽ, സുരക്ഷാ വീഴ്ചകളിലും അന്വേഷണം

ഡൽഹി ഹോട്ടൽ തീപിടിത്തം: 21 മരണം; ഹോട്ടൽ കുക്ക് അറസ്റ്റിൽ, സുരക്ഷാ വീഴ്ചകളിലും അന്വേഷണം

by news_desk1
0 comments

ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ ഹോട്ടലിലുണ്ടായ വൻ തീപിടിത്തത്തിൽ 21 പേർ മരിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലിൽ ജോലി ചെയ്തിരുന്ന കുക്ക് കേശവ് നേഗിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ അനാസ്ഥയാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.

കഴിഞ്ഞ ബുധനാഴ്ച രാവിലെ മാളവ്യ നഗറിലെ ഹൗസ് റാണി പ്രദേശത്തുള്ള ‘ഫ്ലറിഷ് സ്റ്റേയ്സ് ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ്’ എന്ന ഹോട്ടലിലായിരുന്നു ദുരന്തം. അപകടത്തിൽ 16 വയസുകാരി ഉൾപ്പെടെ 21 പേർക്കാണ് ജീവൻ നഷ്ടമായത്. മരിച്ചവരിൽ കിർഗിസ്ഥാൻ, നൈജീരിയ, ബംഗ്ലാദേശ്, ഇറാഖ്, കോംഗോ, മൊസാംബിക്ക്, ലൈബീരിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 13 വിദേശ പൗരന്മാരും ഉൾപ്പെടുന്നു. 28 പേർക്ക് പരിക്കേറ്റിരുന്നു.

തീപിടിത്തത്തിന് മുമ്പുണ്ടായ സംഭവവികാസങ്ങളും ഹോട്ടലിലെ പ്രവർത്തന രീതികളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഹോട്ടൽ ജീവനക്കാരെയും മാനേജ്മെന്റ് പ്രതിനിധികളെയും പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

അന്വേഷണത്തിനിടെ ഗുരുതര സുരക്ഷാ വീഴ്ചകളും കണ്ടെത്തി. കെട്ടിടത്തിലെ ജനലുകളും ഗ്ലാസ് പാനലുകളും പൂർണമായും അടച്ച നിലയിലായിരുന്നുവെന്നാണ് കണ്ടെത്തൽ. കൂടാതെ ബേസ്മെന്റിലേക്കുള്ള പ്രവേശന കവാടം അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നതായും അന്വേഷണ സംഘം വ്യക്തമാക്കി. തീപിടിത്ത സമയത്ത് രക്ഷാപ്രവർത്തനത്തിന് ഇത് വലിയ തടസമായെന്നാണ് വിലയിരുത്തൽ.

സംഭവത്തിന് പിന്നാലെ ഹോട്ടൽ ഉടമകളായ ലോകേഷ് ബജാജ്, സ്വീറ്റി സർക്കാർ, പുഷ്പോ സർക്കാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പരിക്കേറ്റ് ചികിത്സയിലുള്ളവരിൽ 15 പേർ സാകേതിലെ സ്വകാര്യ ആശുപത്രിയിലാണ് കഴിയുന്നത്. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനും കൂടുതൽ ഉത്തരവാദികളുണ്ടോയെന്ന് വ്യക്തമാക്കുന്നതിനുമായി അന്വേഷണം തുടരുകയാണ്.

You may also like