Home Keralaനവകേരള യാത്ര മർദനക്കേസ്: ‘എല്ലാം അജിത് കുമാറിന്റെ നിർദേശ പ്രകാരമെന്ന്  ,എസ്‌ഐടിക്ക് മുന്നിൽ നിർണായക മൊഴിയുമായി ഗ്രേഡ് എസ്‌ഐമാർ

നവകേരള യാത്ര മർദനക്കേസ്: ‘എല്ലാം അജിത് കുമാറിന്റെ നിർദേശ പ്രകാരമെന്ന്  ,എസ്‌ഐടിക്ക് മുന്നിൽ നിർണായക മൊഴിയുമായി ഗ്രേഡ് എസ്‌ഐമാർ

by news_desk1
0 comments

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദനവുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ നിർണായക വെളിപ്പെടുത്തലുമായി ഗ്രേഡ് എസ്‌ഐമാർ. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് നടപടികൾ സ്വീകരിച്ചതെന്ന് ഇരുവരും മൊഴി നൽകിയതായി അന്വേഷണ വൃത്തങ്ങൾ അറിയിച്ചു.

ഗ്രേഡ് എസ്‌ഐമാരായ ഗിരീഷും ശ്രീകാന്തും എസ്‌ഐടിക്ക് മുന്നിൽ നൽകിയ മൊഴിയിൽ, തങ്ങൾ സ്വമേധയാ തീരുമാനങ്ങളെടുത്തതല്ലെന്നും മേലുദ്യോഗസ്ഥരുടെ നിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിച്ചതെന്നും വ്യക്തമാക്കി. മൊഴി നൽകുന്നതിനിടെ ഇരുവരും വികാരാധീനരായതായും റിപ്പോർട്ടുകളുണ്ട്.

കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടെ, ഗൺമാൻമാർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിയിൽ എസ്‌ഐടി പ്രത്യേക റിപ്പോർട്ടും സമർപ്പിച്ചു. കേസിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 308-ാം വകുപ്പ് (മനപ്പൂർവമല്ലാത്ത നരഹത്യാശ്രമം) ഉൾപ്പെടുത്തിയതിന്റെ കാരണം റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്.

പരിക്കുകളുടെ ഗൗരവം വിലയിരുത്താൻ മെഡിക്കൽ ബോർഡിന്റെ വിദഗ്ധാഭിപ്രായം തേടിയ ശേഷമാണ് 308-ാം വകുപ്പ് ചുമത്തിയതെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചു. ആദ്യ മെഡിക്കൽ റിപ്പോർട്ടിൽ പിന്നീട് തിരുത്തൽ വരുത്താൻ ഉന്നതതല ഇടപെടൽ നടന്നതായി സംശയിക്കുന്ന വിവരങ്ങളും അന്വേഷണ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.

ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി പിന്നീട് പരിഗണിക്കാനായി മാറ്റിവെച്ചിട്ടുണ്ട്. കേസിൽ കൂടുതൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനും രേഖകൾ ശേഖരിക്കാനും അന്വേഷണ സംഘം നീക്കം ആരംഭിച്ചിട്ടുണ്ട്.

നവകേരള യാത്രയ്ക്കിടെ ഉണ്ടായ സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം കൂടുതൽ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതായാണ് വിലയിരുത്തൽ.

You may also like