Home Nationalകർണാടകയിൽ രാഷ്ട്രീയ നാടകം; രാമലിംഗ റെഡ്ഡി രാജി പിൻവലിച്ചു, മന്ത്രിയായി തുടരും

കർണാടകയിൽ രാഷ്ട്രീയ നാടകം; രാമലിംഗ റെഡ്ഡി രാജി പിൻവലിച്ചു, മന്ത്രിയായി തുടരും

by news_desk
0 comments

ബെംഗളൂരു: കർണാടക ഭരണകക്ഷിയിൽ മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ നാടകീയ തിരിച്ചുപോക്ക്. കോൺഗ്രസ് നേതൃത്വവുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ മുതിർന്ന നേതാവ് രാമലിംഗ റെഡ്ഡി തന്റെ രാജി പിൻവലിച്ചു. അദ്ദേഹം മന്ത്രിസഭയിൽ തുടരുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല ഔദ്യോഗികമായി അറിയിച്ചു. രാമലിംഗ റെഡ്ഡി പാർട്ടിയുടെ വലിയൊരു സ്വത്താണെന്നും ചില തെറ്റിദ്ധാരണകളുടെ പുറത്താണ് രാജി പ്രഖ്യാപനം ഉണ്ടായതെന്നും സുർജേവാല വ്യക്തമാക്കി. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ പ്രഖ്യാപിച്ച വകുപ്പ് വിഭജനത്തിൽ തനിക്ക് നഗരവികസന വകുപ്പ് നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു റെഡ്ഡി രാജി സന്നദ്ധത അറിയിച്ചിരുന്നത്. ജലസേചന വകുപ്പിന്റെ ചുമതലയായിരുന്നു അദ്ദേഹത്തിന് നൽകിയിരുന്നത്.

വകുപ്പ് വിഭജനം പൂർത്തിയായി മണിക്കൂറുകൾക്കുള്ളിൽ മന്ത്രി അതൃപ്തി പരസ്യമാക്കി രംഗത്തുവന്നത് ഹൈക്കമാൻഡിനെ പ്രതിരോധത്തിലാക്കിയിരുന്നു. തുടർന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും രാഹുൽ ഗാന്ധിയുമായി വിഷയം അടിയന്തരമായി ചർച്ച ചെയ്തു. നേരിട്ട് സംസാരിച്ച് പ്രശ്നം എത്രയും വേഗം പരിഹരിക്കാനായിരുന്നു രാഹുൽ ഗാന്ധിയുടെ നിർദ്ദേശം. എന്നാൽ ചർച്ചകൾക്ക് ശേഷവും പരിഹാരമുണ്ടാകാത്ത പക്ഷം രാജി സ്വീകരിക്കാമെന്ന കർശന നിലപാടും രാഹുൽ മുന്നോട്ടുവെച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല നേരിട്ടെത്തി രാമലിംഗ റെഡ്ഡിയുമായി ദീർഘനേരം ചർച്ച നടത്തുകയും പരാതികൾ പരിഹരിക്കാമെന്ന് ഉറപ്പുനൽകുകയുമായിരുന്നു. ഇതോടെയാണ് രാജി പിൻവലിക്കാൻ അദ്ദേഹം തയ്യാറായത്.

രണ്ടാം ഘട്ട മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി 13 മന്ത്രിമാരാണ് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. ബാക്കി വരുന്നുള്ള മന്ത്രിസഭാ പുനഃസംഘടന വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷം നടത്താനാണ് ഹൈക്കമാൻഡ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനിടയിലാണ് വകുപ്പ് വിഭജനത്തെ ചൊല്ലി മന്ത്രിസഭയ്ക്കുള്ളിൽ പെട്ടെന്ന് പൊട്ടിത്തെറിയുണ്ടായതും ഒടുവിൽ നേതൃത്വത്തിന്റെ അടിയന്തര ഇടപെടലിലൂടെ താത്കാലികമായി പരിഹരിക്കപ്പെട്ടതും.

You may also like