Home Keralaവെടിവച്ചാംകോവില്‍ കൊലപാതകം; ‘കരുതിക്കൂട്ടിയ ആക്രമണം’, ഗ്ലാസ് കഷണങ്ങള്‍ കൊണ്ട് കുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം

വെടിവച്ചാംകോവില്‍ കൊലപാതകം; ‘കരുതിക്കൂട്ടിയ ആക്രമണം’, ഗ്ലാസ് കഷണങ്ങള്‍ കൊണ്ട് കുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം

by news_desk1
0 comments

വാര്‍ത്ത:

തിരുവനന്തപുരം: വെടിവച്ചാംകോവിലില്‍ കൊല്ലപ്പെട്ട 17കാരന്‍ ശിവസൂര്യയുടെ മരണവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. സംഭവം അപകടമല്ലെന്നും കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണെന്നുമാണ് ശിവസൂര്യയുടെ പിതാവ് സുരേഷ് കുമാര്‍ ആരോപിക്കുന്നത്.

ഗ്ലാസ് വാതിലില്‍ അബദ്ധത്തില്‍ ഇടിച്ചുവീണതല്ല സംഭവത്തിന് കാരണമെന്നും, പ്രതികള്‍ ഗ്ലാസ് കഷണങ്ങള്‍ ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയതാകാമെന്ന സംശയവും കുടുംബം പ്രകടിപ്പിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

ഉപരിപഠനത്തിനുള്ള അപേക്ഷ നല്‍കാനായി അക്ഷയ കേന്ദ്രത്തിലേക്ക് പോയ മകന്‍ ചേതനയറ്റ ശരീരമായി മടങ്ങിയെത്തിയതിന്റെ ഞെട്ടലിലാണ് കുടുംബം. സംഭവ ദിവസം ഐടിഐ പ്രവേശനത്തിനായുള്ള നടപടികള്‍ക്കായി പുറത്തുപോയ ശിവസൂര്യയെ പലതവണ വിളിച്ചിട്ടും ഫോണ്‍ ലഭിച്ചില്ലെന്നും, രാത്രി സുഹൃത്തുക്കളില്‍നിന്നാണ് അപകടവിവരം അറിഞ്ഞതെന്നും പിതാവ് പറഞ്ഞു.

മകനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും നീതി ലഭിക്കാന്‍ ഏതറ്റംവരെയും പോകുമെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി. ഒന്നര വര്‍ഷം മുമ്പ് ടര്‍ഫ് മൈതാനത്ത് ഉണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് ആക്രമണമെന്നാണ് ശിവസൂര്യയുടെ സഹോദരന്‍ ശിവകൃഷ്ണയുടെ ആരോപണം. തുടര്‍ന്ന് സ്‌കൂളിലെത്തി ശിവസൂര്യയെ മര്‍ദിച്ച സംഭവവും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, കേസിലെ എല്ലാ പ്രതികളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി പുന്നമൂട് മേഖലയില്‍ എത്തിയ അഞ്ചംഗ സംഘമാണ് ശിവസൂര്യയെ ആക്രമിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഫുട്‌ബോള്‍ കളിക്കിടെ ഉണ്ടായിരുന്ന പഴയ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംഘര്‍ഷത്തിനിടെ സമീപത്തെ കടയുടെ ഗ്ലാസ് വാതിലിലേക്ക് ശിവസൂര്യ വീഴുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ യുവാവിനെ ആക്രമണത്തില്‍ ഉള്‍പ്പെട്ടവര്‍ തന്നെ ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

You may also like