Home Top Storiesപശ്ചിമേഷ്യൻ സംഘർഷം രൂക്ഷം: ഇറാനിലെ ഇന്ത്യക്കാർ ഉടൻ രാജ്യം വിടണമെന്ന് ഇന്ത്യൻ എംബസിയുടെ അടിയന്തര നിർദ്ദേശം

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷം: ഇറാനിലെ ഇന്ത്യക്കാർ ഉടൻ രാജ്യം വിടണമെന്ന് ഇന്ത്യൻ എംബസിയുടെ അടിയന്തര നിർദ്ദേശം

by news_desk
0 comments

ടെഹ്‌റാൻ: ഇസ്രായേൽ – ഇറാൻ സൈനിക സംഘർഷം കടുത്ത ഘട്ടത്തിലേക്ക് കടന്നതോടെ ഇറാനിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്ന് ടെഹ്‌റാനിലെ ഇന്ത്യൻ എംബസി അടിയന്തര നിർദ്ദേശം നൽകി. നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്കാർ ഇറാനിലേക്കുള്ള യാത്രകൾ പൂർണ്ണമായി ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. കഴിഞ്ഞ ഏപ്രിൽ എട്ടിന് പ്രഖ്യാപിച്ച താല്ക്കാലിക വെടിനിർത്തലിന് ശേഷം ഇരുരാജ്യങ്ങളും പരസ്പരം നടത്തിയ ഏറ്റവും ശക്തമായ ആക്രമണ പരമ്പരകൾക്ക് പിന്നാലെയാണ് ഒരിടവേളയ്ക്ക് ശേഷം പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിലായത്.

കഴിഞ്ഞ ഞായറാഴ്ച ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ ഇസ്രായേലിന് നേരെ വൻതോതിൽ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഐക്യരാഷ്ട്രസഭയുടെ ആർട്ടിക്കിൾ 51 പ്രകാരമുള്ള സ്വയംരക്ഷയ്ക്കുള്ള അവകാശം മുൻനിർത്തിയാണ് തങ്ങൾ തിരിച്ചടിച്ചതെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇറാനോ ലെബനനോ എതിരെ ഇസ്രായേൽ ഇനിയും നീക്കങ്ങൾ നടത്തിയാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സും (IRGC) മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ ആക്രമണത്തിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ ഇസ്രായേൽ പ്രതിരോധ സേന ഇറാന് നേരെ ശക്തമായ വ്യോമാക്രമണം അഴിച്ചുവിട്ടു.

ഇറാൻ തലസ്ഥാനമായ ടെഹ്‌റാൻ ഉൾപ്പെടെ താബ്രിസ്, ഇസ്ഫഹൻ, കരാജ് തുടങ്ങിയ തന്ത്രപ്രധാന നഗരങ്ങളിലാണ് ഇസ്രായേൽ തിരിച്ചടിച്ചത്. ടെഹ്‌റാനിലും ഇസ്ഫഹനിലും ശക്തമായ സ്ഫോടനങ്ങൾ നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ തങ്ങൾക്കെതിരെ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായി ഐ.ആർ.ജി.സി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ജനവാസ മേഖലകളെ ഇസ്രായേൽ ലക്ഷ്യമിട്ടിട്ടില്ലെന്നും ആക്രമണത്തിൽ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുമാണ് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികൾ വ്യക്തമാക്കുന്നത്. എങ്കിലും ഇരുവിഭാഗവും യുദ്ധസന്നദ്ധത പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് സ്വന്തം പൗരന്മാരുടെ സുരക്ഷ മുൻനിർത്തി ഇന്ത്യ അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.

You may also like