നടൻ സലീം കുമാറിന്റെ സംസ്കാരച്ചടങ്ങിനിടെ ചില ഓൺലൈൻ മാധ്യമപ്രവർത്തകർ നടത്തിയ അതിരുവിട്ട ഇടപെടലും, അതിനെ ചോദ്യം ചെയ്ത മകൻ ചന്തുവിനെതിരെയുള്ള സൈബർ ആക്രമണവും കേരളത്തിലെ മാധ്യമസംസ്കാരത്തെക്കുറിച്ചുള്ള ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. ഒരു കുടുംബം ഏറ്റവും വലിയ ദുഃഖത്തിലൂടെ കടന്നുപോകുന്ന വേളയിൽ പോലും സ്വകാര്യതയെ മാനിക്കാതെ ക്യാമറയുമായി കയറിച്ചെല്ലുന്നത് മാധ്യമപ്രവർത്തനമല്ല; അത് മനുഷ്യസഹജമായ മര്യാദകളുടെ ലംഘനമാണ്.
വാർത്ത ശേഖരിക്കാനുള്ള അവകാശം പോലെ തന്നെ ഓരോ പൗരനും സ്വകാര്യതയ്ക്കുള്ള അവകാശവുമുണ്ട്. മരണവീടുകളിലും വ്യക്തിപരമായ ചടങ്ങുകളിലും ‘ആദ്യം ദൃശ്യം’, ‘കൂടുതൽ വ്യൂസ്’, ‘വൈറൽ കണ്ടന്റ്’ എന്നീ ലക്ഷ്യങ്ങളോടെ നടത്തുന്ന കടന്നുകയറ്റങ്ങൾ മാധ്യമധാർമികതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. സലീം കുമാറിന്റെ മകൻ ചന്തു പ്രകടിപ്പിച്ച പ്രതിഷേധം ഒരു മകന്റെ സ്വാഭാവിക വികാരപ്രകടനമായിരുന്നു; അതിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ അപലപനീയമാണ്.
കേരള പൊലീസ് സ്വകാര്യ ദൃശ്യങ്ങൾ അനുമതിയില്ലാതെ പകർത്തുന്നതിനെതിരെ കർശന നടപടികൾ പ്രഖ്യാപിച്ചിരിക്കുന്നത് സ്വാഗതാർഹമാണ്. നിയമത്തിന്റെ ഭയം മാത്രമല്ല, സാമൂഹിക ഉത്തരവാദിത്തവും മാധ്യമപ്രവർത്തനത്തിന്റെ ഭാഗമാകണം. റേറ്റിംഗിനും ക്ലിക്കുകൾക്കും അപ്പുറം മനുഷ്യരുടെ ദുഃഖവും വികാരങ്ങളും മനസ്സിലാക്കാനുള്ള പക്വത മാധ്യമലോകം കാണിക്കേണ്ട സമയമാണിത്. ഓൺലൈൻ മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയയുടെയും കടന്നുകയറ്റം മൂലം വ്യക്തികളുടെ സ്വകാര്യത നഷ്ടപ്പെടുന്നു എന്നത് ഇന്ന് വലിയൊരു പ്രതിസന്ധിയാണ്. പൊതുസ്ഥലങ്ങളിലും വീടുകളിലും പോലും മൊബൈൽ ഫോണുമായി എത്തി വ്യക്തിപരമായ ഇടങ്ങളിലേക്ക് ഒളിഞ്ഞുനോക്കുന്ന പ്രവണത അതിര് വിടുകയാണ്. അതിൽ നിവൃത്തികെട്ടപ്പോൾ പ്രതികരിച്ചതാണ് സലിംകുമാറിന്റെ മകൻ ചന്തു. കയ്യിലെ മൊബൈൽ ഫോണുമായി എവിടെയും കയറിച്ചെല്ലാമെന്നും ആരോടും എന്തും ചോദിച്ച് വീഡിയോ റീലുകളായും കണ്ടന്റുകളായും ഫേസുബുക്കിലും യൂട്യൂബിലും ഇട്ട് ആസ്വദിക്കുകയാണ്. മരണവീടുകളിൽ പോലും മര്യാദയില്ലാത്ത വിധം അസഹനീയം. യൂട്യൂബേഴ്സിനെ വളർത്തിയെടുക്കുന്ന കൂട്ടരും ഇതിൽ കുറ്റക്കാരാണ്. അതിൽ പ്രധാന പങ്ക് താരങ്ങൾക്ക് തന്നെയാണ്. ഓരോ താരങ്ങൾക്കൊപ്പവും തന്റെ റീൽസ് എടുക്കാനും കണ്ടന്റാക്കി വീഡിയോ പോസ്റ്റ് ചെയ്യാനുമായി ഇത്തരം കൂട്ടങ്ങളെ ഒപ്പം കൂട്ടുന്നവരാണ് താരങ്ങളിലേറെയുമെന്നത് കാണാതെ പോകാനാവില്ല. മികച്ച രീതിയിൽ പ്രൊഫഷണലായി പ്രവർത്തിക്കുന്നവരുമുണ്ടെന്നത് കാണാതിരിക്കുന്നില്ല.
മുഖ്യധാരാ മാധ്യമങ്ങളെയും ഓൺലൈൻ മാധ്യമങ്ങളെയും ഒരുപോലെ ബാധിക്കുന്ന ഈ പ്രവണതയ്ക്ക് നിയന്ത്രണങ്ങൾ അനിവാര്യമാണ്. പൊതുചടങ്ങുകളിലും മരണാനന്തര ചടങ്ങുകളിലും മാധ്യമപ്രവർത്തകരുടെ പെരുമാറ്റച്ചട്ടം സംബന്ധിച്ച് വ്യക്തമായ മാർഗനിർദേശങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ട്. മാധ്യമസ്വാതന്ത്ര്യം എന്നത് മറ്റൊരാളുടെ സ്വകാര്യതയിലേക്ക് അതിക്രമിച്ച് കയറാനുള്ള ലൈസൻസല്ല.മരണത്തിലും ‘കണ്ടന്റ്’ തേടുന്ന സംസ്കാരത്തിൽ നിന്ന് മനുഷ്യരുടെ വികാരങ്ങളെ മാനിക്കുന്ന മാധ്യമസംസ്കാരത്തിലേക്കുള്ള മാറ്റമാണ് ഇന്ന് സമൂഹം ആവശ്യപ്പെടുന്നത്. ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്നവർ, ക്യാമറയ്ക്ക് മുന്നിലുള്ളവരുടെ കണ്ണീരിന്റെ വില കൂടി തിരിച്ചറിയേണ്ട സമയമാണിത്.

