പാലക്കാട്: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന സർക്കാർ തീരുമാനത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി സ്വകാര്യ ബസ് ഉടമകൾ. ഈ പദ്ധതി സ്വകാര്യ ബസ് മേഖലയെ ഗുരുതരമായി ബാധിക്കുമെന്നും തെക്കൻ ജില്ലകളിൽ സ്വകാര്യ ബസ് സർവീസുകൾ പൂർണമായും നിർത്തലാക്കേണ്ട സാഹചര്യം ഉണ്ടാകാമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ നേതാവ് ടി. ഗോപിനാഥ് പറഞ്ഞു.
സർക്കാരിന്റെ ഈ തീരുമാനം സ്വകാര്യ ബസ് മേഖലയിലെ ഏകദേശം ഒരു ലക്ഷം തൊഴിലാളികളെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി, ഗതാഗത വകുപ്പ് മന്ത്രി എന്നിവർ സ്വകാര്യ ബസ് മേഖലയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വിഷയം ചർച്ച ചെയ്യുന്നതിനായി നാളെ തൃശൂരിൽ സ്വകാര്യ ബസ് ഉടമകളുടെ അടിയന്തര സംസ്ഥാനതല യോഗം ചേരും. സ്വകാര്യ ബസ് മേഖലയ്ക്ക് ആശ്വാസകരമായ തീരുമാനം സർക്കാർ ഉടൻ കൈക്കൊള്ളാത്ത പക്ഷം സംസ്ഥാനവ്യാപകമായി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും ബസ് ഉടമകൾ മുന്നറിയിപ്പ് നൽകി.
ജൂൺ 15 മുതലാണ് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര പദ്ധതി നടപ്പിലാക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ഈ ആനുകൂല്യം ലഭ്യമാകും.
ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രമായിരിക്കും യാത്രാസൗജന്യം ലഭ്യമാകുകയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

