Home Keralaകാപ്പാ കേസ്: ബിജെപി കൗൺസിലർ ആർ സുഗതൻ വിയ്യൂർ ജയിലിലേക്ക്; അയോഗ്യത ആവശ്യപ്പെട്ട് സിപിഎമ്മും കോൺഗ്രസും

കാപ്പാ കേസ്: ബിജെപി കൗൺസിലർ ആർ സുഗതൻ വിയ്യൂർ ജയിലിലേക്ക്; അയോഗ്യത ആവശ്യപ്പെട്ട് സിപിഎമ്മും കോൺഗ്രസും

by news_desk1
0 comments

തിരുവനന്തപുരം: കാപ്പാ കേസിൽ അറസ്റ്റിലായ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. സുഗതനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മും കോൺഗ്രസും രംഗത്തെത്തി. രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം കോർപ്പറേഷനിലേക്ക് മാർച്ച് നടത്തിയതോടൊപ്പം അടിയന്തര കൗൺസിൽ യോഗം വിളിക്കണമെന്ന ആവശ്യവും കോൺഗ്രസ് ഉന്നയിച്ചു.

ആകാശത്തേക്ക് വരെ വെടിവെച്ചുള്ള സുഗതന്റെ അറസ്റ്റ് നേരത്തെ വിവാദമായിരുന്നു. പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് ഇന്ന് രാവിലെയാണ് ആർ സുഗതനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. കാപ്പാ കേസ് പ്രതികളെ പാർപ്പിക്കുന്ന പ്രത്യേക ബ്ലോക്ക് വിയ്യൂരിലാണുള്ളത്.

സുഗതൻ കേസിനെ രാഷ്ട്രീയ ആയുധമാക്കിയാണ് സിപിഎമ്മും കോൺഗ്രസും മുന്നോട്ട് പോകുന്നത്. രാവിലെ നഗരസഭാ ആസ്ഥാനത്തേക്ക് സിപിഎം മാർച്ച് നടത്തി പ്രതിഷേധ പരിപാടികൾക്ക് തുടക്കമിട്ടു. ജൂൺ 13നും 15നും തുടർ സമരങ്ങൾ സംഘടിപ്പിക്കുമെന്നും പാർട്ടി അറിയിച്ചു. സുഗതനെ അയോഗ്യനാക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.

വധശ്രമക്കേസിൽ പ്രതിചേർക്കപ്പെട്ടതിന് പിന്നാലെ ചേർന്ന രണ്ട് കൗൺസിൽ യോഗങ്ങളിൽ സുഗതൻ പങ്കെടുത്തിരുന്നില്ല. അവധി അപേക്ഷ നൽകാതെ മൂന്ന് കൗൺസിൽ യോഗങ്ങളിൽ വിട്ടുനിന്നാൽ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെടുമെന്നാണ് ചട്ടം. എന്നാൽ സുഗതൻ രണ്ട് തവണ അവധി അപേക്ഷ മേയർക്ക് നൽകിയിട്ടുണ്ടെന്നാണ് ബിജെപിയുടെ വിശദീകരണം.

അതേസമയം, അടിയന്തരമായി കൗൺസിൽ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസും മേയർക്ക് കത്ത് നൽകി.

You may also like