കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര സംസ്കൃത സർവകലാശാല 2026-ലെ അധ്യാപക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വേദവ്യാസ (ഹിമാചൽ പ്രദേശ്), ശ്രീ രഘുനാഥ് കീർത്തി (ഉത്തരാഖണ്ഡ്), ഏകലവ്യ (ത്രിപുര) ക്യാമ്പസുകളിലായി ആകെ 90 അധ്യാപക തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ജൂലൈ 10 വരെ യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.
പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ ഉൾപ്പെടെയുള്ള വിവിധ തസ്തികകളിലേക്കാണ് ഒഴിവുകൾ. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി, യു.ജി.സി NET/SET യോഗ്യത, അധ്യാപന-ഗവേഷണ പരിചയം എന്നിവ തസ്തിക അനുസരിച്ച് ആവശ്യമാണ്. ഓരോ തസ്തികയ്ക്കുമുള്ള വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ ഔദ്യോഗിക വിജ്ഞാപനത്തിൽ ലഭ്യമാണ്.
ഉദ്യോഗാർഥികൾ സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, സംവരണ ആനുകൂല്യങ്ങൾ, അപേക്ഷാ ഫീസ്, തെരഞ്ഞെടുപ്പ് നടപടിക്രമം എന്നിവ സംബന്ധിച്ച വിശദാംശങ്ങളും ഔദ്യോഗിക വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അപേക്ഷകളുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം യോഗ്യരായ ഉദ്യോഗാർഥികളെ അഭിമുഖം, അക്കാദമിക് സ്കോർ, ഗവേഷണ നേട്ടങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും. അന്തിമ തെരഞ്ഞെടുപ്പ് സർവകലാശാല നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി കേന്ദ്ര സംസ്കൃത സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാം. https://sanskrit.nic.in

