കേന്ദ്ര സർക്കാർ സ്ഥാപനമായ പ്രസാർ ഭാരതിയിൽ ജോലി നേടാൻ അവസരം. മാർക്കറ്റിങ് എക്സിക്യൂട്ടീവ് തസ്തികയിൽ ആകെ 20 ഒഴിവുകളിലേക്കാണ് നിയമനം. ഇതിൽ കേരളത്തിലെ ആകാശവാണി കൊച്ചിയിലും ഒരു ഒഴിവുണ്ട്. സെപ്റ്റംബർ 22 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
മാർക്കറ്റിങ് എക്സിക്യൂട്ടീവ് തസ്തികയിലേക്കാണ് നിയമനം. അപേക്ഷിക്കാനുള്ള അവസാന തീയതിയിൽ 35 വയസിൽ താഴെയുള്ളവർക്കാണ് അവസരം.
പ്രാഥമികമായി രണ്ട് വർഷത്തേക്കാണ് കരാർ നിയമനം. ഉദ്യോഗാർഥിയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കാലാവധി നീട്ടി നൽകാം. പ്രതിമാസം 35,000 മുതൽ 42,000 രൂപ വരെയാണ് ശമ്പളം. മെട്രോ നഗരങ്ങളിൽ 35,000 മുതൽ 50,000 രൂപ വരെ ലഭിക്കും.
അംഗീകൃത സർവകലാശാലയിലോ സ്ഥാപനത്തിലോ നിന്ന് എംബിഎ, എംബിഎ (മാർക്കറ്റിങ്) അല്ലെങ്കിൽ മാനേജ്മെന്റ്/മാർക്കറ്റിങ് വിഭാഗത്തിലെ പിജി ഡിപ്ലോമ നേടിയവർക്കാണ് അപേക്ഷിക്കാനാകുക.
ഡയറക്ട് സെയിൽസ് മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. മീഡിയ സെയിൽസ് മേഖലയിൽ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
ഇംഗ്ലീഷ് ഭാഷ അനായാസമായി സംസാരിക്കാൻ കഴിയണം. ജോലി ചെയ്യുന്ന സ്ഥലത്തെ പ്രാദേശിക ഭാഷ നന്നായി കൈകാര്യം ചെയ്യാനുള്ള കഴിവ് അധിക യോഗ്യതയായി കണക്കാക്കും.
മാധ്യമ, കോർപ്പറേറ്റ് മേഖലകളിലെ മുതിർന്ന വ്യക്തികളുമായി മികച്ച രീതിയിൽ ഇടപഴകാനും ബിസിനസ് ചർച്ചകൾ നടത്താനും കഴിയുന്ന പ്രൊഫഷണൽ പെരുമാറ്റശൈലിയും ഉദ്യോഗാർഥികൾക്ക് ഉണ്ടായിരിക്കണം.
