കാസർകോട്: ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ 25കാരിക്കെതിരെ പൊലീസ് കേസെടുത്തു. കാസർകോട് മേൽപ്പറമ്പിലാണ് സംഭവം.
കണ്ണൂർ പുളിപ്പറമ്പ് സ്വദേശിയായ സ്നേഹ മെർളിനെതിരെയാണ് മേൽപ്പറമ്പ് പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. പ്രതിക്കെതിരെ നേരത്തെയും പോക്സോ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ സ്നേഹ മെർളിനെതിരെ മുൻപ് മൂന്ന് പോക്സോ കേസുകൾ നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇതിൽ രണ്ട് കേസുകൾ സ്വന്തം സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചതിനും മൂന്നാമത്തെ കേസ് മറ്റൊരു ആൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതിനുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്തായ പ്രതി വീട്ടിലെത്തിയ സമയത്താണ് ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി. ഭയവും മാനസിക വിഷമവും കാരണം പെൺകുട്ടി ആദ്യം സംഭവം ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് കൗൺസിലിംഗിനിടെ മാതാവിന്റെ സുഹൃത്തിൽ നിന്ന് നേരിട്ട പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു.
തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

