Home Education/Careerപോളിടെക്നിക് കോളജുകളിൽ എൻജിനീയറിങ് ഡിപ്ലോമ പ്രവേശനം; അപേക്ഷകൾ ക്ഷണിച്ചു, ജൂൺ 26 വരെ അവസരം

പോളിടെക്നിക് കോളജുകളിൽ എൻജിനീയറിങ് ഡിപ്ലോമ പ്രവേശനം; അപേക്ഷകൾ ക്ഷണിച്ചു, ജൂൺ 26 വരെ അവസരം

by news_desk1
0 comments

കേരളത്തിലെ വിവിധ പോളിടെക്നിക് കോളജുകളിലെ 2026-27 അധ്യയന വർഷത്തെ പാർട്ട് ടൈം/രണ്ടാം ഷിഫ്റ്റ് എൻജിനീയറിങ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗവ. പോളിടെക്നിക് കോളജ് പാലക്കാട്, കേരള ഗവ. പോളിടെക്നിക് കോളജ് കോഴിക്കോട്, സ്വാശ്രയ മേഖലയിൽ പ്രവർത്തിക്കുന്ന മാ ദിൻ പോളിടെക്നിക് കോളജ് മലപ്പുറം എന്നിവിടങ്ങളിലേക്കാണ് പ്രവേശനം. വിശദമായ പ്രോസ്പെക്ടസ് https://pt.polyadmission.org/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

ഭിന്നശേഷിക്കാർക്ക് സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. കൂടാതെ സർക്കാർ, പൊതുമേഖല, സ്വകാര്യ മേഖലകളിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്കും അല്ലെങ്കിൽ രണ്ട് വർഷത്തെ ഐടിഐ, കെജിസിഇ, വിഎച്ച്എസ്ഇ, ടി.എച്ച്.എസ്.എൽ.സി യോഗ്യതയോടൊപ്പം രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്കുമായി 10 ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. എസ്.സി, എസ്.ടി, ഒ.ഇ.സി, എസ്.ഇ.ബി.സി വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണ ആനുകൂല്യങ്ങളും ലഭിക്കും. രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. അപേക്ഷകർക്ക് 18 വയസ് തികഞ്ഞിരിക്കണം.

പൊതു വിഭാഗത്തിൽപ്പെടുന്നവർക്ക് 400 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് 200 രൂപയുമാണ് ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് വെബ്സൈറ്റ് മുഖേന ഒറ്റത്തവണ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം.

തുടർന്ന് സർക്കാർ, സ്വാശ്രയ പോളിടെക്നിക് കോളജുകളിലെ സർക്കാർ സീറ്റുകൾ, ഗവൺമെന്റ്/ഡിപ്പാർട്ട്മെന്റ് ഗ്രൂപ്പ് സീറ്റുകൾ, സ്വാശ്രയ പോളിടെക്നിക് കോളജുകളിലെ മാനേജ്മെന്റ് സീറ്റുകൾ എന്നിവയിലേക്ക് ഓരോ കോളജിനും പ്രത്യേകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഒറ്റത്തവണ രജിസ്ട്രേഷൻ ഒരു പ്രാവശ്യം മാത്രം ചെയ്താൽ മതിയാകും.

ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 26 ആണ്. കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട വെബ്സൈറ്റിലും അതത് പോളിടെക്നിക് കോളജുകളിലും ലഭ്യമാണ്.

You may also like