ആലപ്പുഴ: സംസ്ഥാനത്ത് തെരുവുനായ ആക്രമണങ്ങൾ തുടരുന്നതിനിടെ ഹരിപ്പാട്ട് അഞ്ചുവയസ്സുകാരന് ഗുരുതര പരിക്കേറ്റു. ഹരിപ്പാട് കുമാരപുരം ആറാം വാർഡിലെ താമല്ലാക്കൽ പുത്തൻപറമ്പിൽ അഖിൽവിശ്വം–ദിവ്യ ദമ്പതികളുടെ മകൻ അദ്വിക്കിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.
കരുവാറ്റ എം.ജി.എം സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥിയായ അദ്വിക്, സ്കൂളിൽ നിന്ന് വീട്ടിലെത്തിയ ശേഷം വൈകുന്നേരം വീട്ടുമുറ്റത്ത് സൈക്കിൾ ചവിട്ടിക്കളിക്കുകയായിരുന്നു. ഇതിനിടെയാണ് തെരുവുനായ കുട്ടിയുടെ നേരെ ഓടിയെത്തി ആക്രമിച്ചത്.
ആക്രമണത്തിൽ അദ്വിക്കിന്റെ മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും കടിയേറ്റു. പരിക്കേറ്റ കുട്ടിയെ ഉടൻ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവം പ്രദേശത്ത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. തെരുവുനായ ശല്യത്തിനെതിരെ ശക്തമായ നടപടികൾ വേണമെന്ന ആവശ്യം നാട്ടുകാർ ഉയർത്തുന്നുണ്ട്.

