Home Internationalകുവൈത്തിൽ രഹസ്യ മയക്കുമരുന്ന് നിർമാണ കേന്ദ്രത്തിൽ റെയ്ഡ്; ഒരു ലക്ഷം ലഹരി ഗുളികകൾ പിടിച്ചെടുത്തു

കുവൈത്തിൽ രഹസ്യ മയക്കുമരുന്ന് നിർമാണ കേന്ദ്രത്തിൽ റെയ്ഡ്; ഒരു ലക്ഷം ലഹരി ഗുളികകൾ പിടിച്ചെടുത്തു

by news_desk1
0 comments

കുവൈത്ത് സിറ്റി: കുവൈത്തിലെ കബ്ദ് മേഖലയിലെ ഒരു ഫാമിൽ രഹസ്യമായി പ്രവർത്തിച്ചിരുന്ന മയക്കുമരുന്ന് നിർമാണ കേന്ദ്രത്തിൽ സുരക്ഷാസേന നടത്തിയ മിന്നൽ റെയ്ഡിൽ വൻ ലഹരിവേട്ട. ക്യാപ്റ്റഗൺ ഗുളികകൾ നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്ന കേന്ദ്രത്തിൽ നിന്നാണ് ഏകദേശം ഒരു ലക്ഷം ലഹരി ഗുളികകൾ പിടിച്ചെടുത്തത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ മയക്കുമരുന്ന് നിയന്ത്രണ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കേസുമായി ബന്ധപ്പെട്ട് രാജ്യത്ത് നിയമവിരുദ്ധമായി താമസിച്ചിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു. പ്രതികളുടെ പ്രവർത്തനങ്ങൾ ദീർഘനാളായി നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിച്ച ശേഷമാണ് റെയ്ഡ് നടത്തിയത്.

പരിശോധനയ്ക്കിടെ പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുകയും സുരക്ഷാസേനയെ പ്രതിരോധിക്കുകയും ചെയ്തെങ്കിലും ഇവരെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഫാമിൽ നടത്തിയ പരിശോധനയിൽ അഞ്ച് കിലോഗ്രാം ക്യാപ്റ്റഗൺ നിർമാണത്തിനാവശ്യമായ അസംസ്കൃത പൊടി, ഗുളിക നിർമാണ യന്ത്രം, ഡിജിറ്റൽ ത്രാസുകൾ, പാക്കിംഗ് ഉപകരണങ്ങൾ, വിതരണത്തിനായി ഉപയോഗിച്ചിരുന്ന സാമഗ്രികൾ, ഒഴിഞ്ഞ ബാഗുകൾ എന്നിവ കണ്ടെത്തി.

തുടർ അന്വേഷണത്തിനിടെ വലിയ തോതിൽ നിർമിച്ച ലഹരി ഗുളികകൾ ഭൂമിക്കടിയിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന് പ്രതികൾ സമ്മതിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ അവയും സുരക്ഷാസേന കണ്ടെടുത്ത് പിടിച്ചെടുത്തു.

പിടിച്ചെടുത്ത ക്യാപ്റ്റഗൺ ഗുളികകളുടെ ആകെ വിപണി മൂല്യം അഞ്ച് ലക്ഷം ദിനാറിലധികം വരുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. അറസ്റ്റിലായ പ്രതികളെയും പിടിച്ചെടുത്ത മയക്കുമരുന്നും ഉപകരണങ്ങളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

You may also like