Home Internationalആഴക്കടലിൽ മുങ്ങിത്താഴവെ രക്ഷയായി അമേരിക്കൻ നേവി; എംഎസ്‍വി വിരാട് കപ്പലിലെ 14 ഇന്ത്യാക്കാരും സുരക്ഷിതർ

ആഴക്കടലിൽ മുങ്ങിത്താഴവെ രക്ഷയായി അമേരിക്കൻ നേവി; എംഎസ്‍വി വിരാട് കപ്പലിലെ 14 ഇന്ത്യാക്കാരും സുരക്ഷിതർ

by news_desk1
0 comments

മസ്കറ്റ്: ഒമാൻ തീരത്ത് എഞ്ചിൻ തകരാറിനെ തുടർന്ന് മുങ്ങിയ എംഎസ്‍വി വിരാട് 1 പായ്ക്കപ്പലിലെ 14 ഇന്ത്യൻ ജീവനക്കാരെയും സുരക്ഷിതരായി രക്ഷപ്പെടുത്തി. അമേരിക്കൻ നാവികസേനയുടെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ ഇന്ത്യൻ നാവികസേനയും പങ്കാളികളായി.

ശനിയാഴ്ച റാസ് അൽ ഹദ്ദിന് കിഴക്ക് 80 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം സംഭവിച്ചത്. പായ്ക്കപ്പൽ അപകടത്തിൽപ്പെട്ട വിവരം അമേരിക്കൻ നാവികസേന ഇന്ത്യയെ അറിയിക്കുകയായിരുന്നു. തുടർന്ന് അമേരിക്കൻ നാവികസേനയുടെ പി-8 വിമാനം സംഭവസ്ഥലത്ത് എത്തി ലൈഫ് റാഫ്റ്റ് താഴെയിറക്കി ജീവനക്കാരെ രക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചു.

തുടർന്ന് മർച്ചന്റ് വെസൽ ജബൽ അലി 9 എന്ന കപ്പലും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി. അമേരിക്കൻ നാവികസേന നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ നാവികസേനയും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യാക്കാരെയും സുരക്ഷിതരാക്കി.

യാത്രക്കാരെയെല്ലാം ലൈഫ് റാഫ്റ്റിലേക്ക് മാറ്റിയതായും നിലവിൽ എല്ലാവരും സുരക്ഷിതരാണെന്നും ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. എഞ്ചിൻ തകരാറാണ് എംഎസ്‍വി വിരാട് 1 മുങ്ങാൻ കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി.

You may also like