Home Keralaക്ഷേത്രത്തിലെ 20 പവനിലേറെ സ്വർണാഭരണങ്ങൾ കാണാതായി; ഒത്തുതീർപ്പിന് ശ്രമം നടന്നതിനിടെ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ

ക്ഷേത്രത്തിലെ 20 പവനിലേറെ സ്വർണാഭരണങ്ങൾ കാണാതായി; ഒത്തുതീർപ്പിന് ശ്രമം നടന്നതിനിടെ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ

by news_desk1
0 comments

കോഴിക്കോട്: ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരു മകൻ ക്ഷേത്രത്തിലെ 20 പവനിലേറെ തൂക്കം വരുന്ന സ്വർണ ഉരുപ്പടികൾ കാണാതായ സംഭവത്തിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ടി.ടി. വിനോദനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ നിയമനടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രത്തിൽ എട്ട് മാസം മുമ്പ് നടത്തിയ ഓഡിറ്റിംഗിലാണ് സ്വർണ ഉരുപ്പടികൾ കാണാതായ വിവരം കണ്ടെത്തിയത്. തുടർന്ന് മുൻ എക്‌സിക്യൂട്ടീവ് ഓഫീസറായ ടി.ടി. വിനോദനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.

എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനോ നഷ്ടപ്പെട്ട സ്വർണാഭരണങ്ങൾ വീണ്ടെടുക്കാനോ സാധിക്കാത്തതിനെ തുടർന്ന് ജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമായി. വിവിധ സംഘടനകൾ സമരപരിപാടികൾ പ്രഖ്യാപിച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ അവ മാറ്റിവെക്കുകയായിരുന്നു.

ബാലുശ്ശേരി കോട്ട ക്ഷേത്രത്തിന് പുറമെ മറ്റ് മൂന്ന് ക്ഷേത്രങ്ങളിൽ നിന്നും സമാന രീതിയിൽ സ്വർണ ഉരുപ്പടികൾ നഷ്ടമായതായി റിപ്പോർട്ടുകളുണ്ട്. നഷ്ടപ്പെട്ട സ്വർണാഭരണങ്ങൾ തിരികെ നൽകി കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ നടന്നതായും ഇതിനിടെ വിവരങ്ങൾ പുറത്തുവന്നിരുന്നു.

വിവാദങ്ങൾക്ക് വഴിവെച്ച ബാലുശ്ശേരി ക്ഷേത്ര സ്വർണ നഷ്ട കേസിൽ ഒടുവിൽ എട്ട് മാസങ്ങൾക്ക് ശേഷമാണ് പൊലീസ് മുൻ എക്‌സിക്യൂട്ടീവ് ഓഫീസറുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

You may also like