Home Keralaനിപ ഫല വിവാദത്തിൽ ആരോഗ്യമന്ത്രിയുടെ രൂക്ഷ പ്രതികരണം; ‘തുരപ്പൻ പണി കാണിച്ചതുകൊണ്ടാണ് മാറ്റിയത്’

നിപ ഫല വിവാദത്തിൽ ആരോഗ്യമന്ത്രിയുടെ രൂക്ഷ പ്രതികരണം; ‘തുരപ്പൻ പണി കാണിച്ചതുകൊണ്ടാണ് മാറ്റിയത്’

by news_desk1
0 comments

കോഴിക്കോട്: നിപ പ്രതിരോധവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കടുത്ത പ്രതികരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ. നിപ പരിശോധനാ ഫലം ഉച്ചയ്ക്ക് ലഭിച്ചിട്ടും മുൻ ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീന അത് അറിയിച്ചില്ലെന്നും, വകുപ്പിൽ തുരപ്പൻ പണി കാണിച്ചതുകൊണ്ടാണ് അവരെ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും മന്ത്രി ആരോപിച്ചു.

നിപ സ്ഥിരീകരിച്ച രോഗിക്ക് മരുന്ന് ലഭിച്ചില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും, ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസം തന്നെ റിബാവറിൻ മരുന്ന് നൽകിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിൽ ലഭ്യമല്ലാതിരുന്ന റെംഡിവിർ മരുന്ന് എത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചെന്നും, മരുന്ന് എത്തിച്ച് ആദ്യ ഡോസ് നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യവകുപ്പ് ഒരു ശതമാനം പോലും വിട്ടുവീഴ്ച ചെയ്യില്ലെന്നും രോഗി അതീവ ഗുരുതരാവസ്ഥയിലായാണ് ആശുപത്രിയിലെത്തിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിപ പരിശോധനാ ഫലം ലഭിച്ചിട്ടും ആരോഗ്യ വകുപ്പ് ഡയറക്ടർ വിവരം കൈമാറിയില്ലെന്നാണ് മന്ത്രിയുടെ ആരോപണം. താൻ വൈകിട്ട് 5.30-ന് വാർത്താസമ്മേളനം നടത്തുമ്പോൾ ഫലം ലഭിച്ചിരുന്നില്ലെന്നും, എന്നാൽ ഡി.എച്ച്.എസ്-ന് ഉച്ചയ്ക്ക് തന്നെ റിപ്പോർട്ട് ലഭിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. പിന്നീട് വൈകുന്നേരമാണ് വിവരം അറിയിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ആരോഗ്യവകുപ്പിൽ സർക്കാരുമായി പൂർണമായി സഹകരിക്കാത്ത ഉദ്യോഗസ്ഥരുണ്ടെന്നും ഇത്തരത്തിലുള്ള നടപടികൾക്കെതിരെ തുടർന്നും തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നിപ പ്രതിരോധ പ്രവർത്തന സ്ഥലത്ത് നേരിട്ട് എത്താത്തതിനെതിരായ വിമർശനങ്ങൾക്കും മന്ത്രി മറുപടി നൽകി. ഏകോപന പ്രവർത്തനങ്ങൾ എളുപ്പമാക്കുന്നതിനാണ് തിരുവനന്തപുരത്ത് തുടർന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ വിമർശനങ്ങൾ തന്നെ ബാധിക്കില്ലെന്നും, എന്നാൽ രാത്രി പകലില്ലാതെ പ്രവർത്തിക്കുന്ന ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും ആക്രമിക്കരുതെന്നും അഭ്യർത്ഥിച്ചു. വിമർശനങ്ങളെന്ന രൂപത്തിൽ ഇപ്പോൾ ചാറ്റൽമഴ മാത്രമാണ് പെയ്യുന്നതെന്നും, വലിയ ഇടിവെട്ടിയുള്ള മഴ പിന്നാലെ വരാനുണ്ടെന്ന് തനിക്കറിയാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

You may also like