Home Top Stories2018ൽ നിപ വ്യാപനം ഗുരുതരമായിരുന്നു, അതുകൊണ്ടാണ് അന്നത്തെ മന്ത്രി കോഴിക്കോട് ക്യാമ്പ് ചെയ്തത്: കെ മുരളീധരൻ

2018ൽ നിപ വ്യാപനം ഗുരുതരമായിരുന്നു, അതുകൊണ്ടാണ് അന്നത്തെ മന്ത്രി കോഴിക്കോട് ക്യാമ്പ് ചെയ്തത്: കെ മുരളീധരൻ

by news_desk1
0 comments

തിരുവനന്തപുരം: നിപ സ്ഥിരീകരണത്തിന് പിന്നാലെ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചില്ലെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. 2018ൽ നിപ വ്യാപനം വലിയ തോതിലുണ്ടായിരുന്ന സാഹചര്യത്തിലാണ് അന്നത്തെ ആരോഗ്യമന്ത്രി അവിടെ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

നിലവിൽ നിപ മാത്രമല്ല, ഷിഗെല്ല കേസുകളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതടക്കമുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയ ശേഷമാണ് താൻ തിരുവനന്തപുരത്തേക്ക് മടങ്ങിയതെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രികൃത ഏകോപന പ്രവർത്തനങ്ങൾക്ക് തിരുവനന്തപുരമാണ് കൂടുതൽ സൗകര്യപ്രദമെന്നും നിലവിൽ നിപ വ്യാപനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ നിപ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ ഉടൻ തന്നെ കോഴിക്കോട് തിരികെയെത്തുമായിരുന്നുവെന്നും കൂട്ടിച്ചേർത്തു.

നിപ ഇപ്പോൾ വലിയ ആശങ്കയ്ക്ക് ഇടയാക്കുന്ന സാഹചര്യമല്ലെന്നും രോഗിയുടെ ജീവൻ നിലനിർത്താനുള്ള പോരാട്ടമാണ് ഡോക്ടർമാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. മരുന്നുകൾ ലഭ്യമല്ലെന്ന തരത്തിലുള്ള വാർത്തകൾ ദൗർഭാഗ്യകരമാണെന്നും ശക്തമായ ഇടപെടലുകളിലൂടെയാണ് ആവശ്യമായ മരുന്നുകൾ എത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ വിമർശനങ്ങൾ നേരിടുന്നതിൽ പ്രശ്നമില്ലെങ്കിലും ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും അതിന്റെ പേരിൽ ആക്ഷേപിക്കരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു.

നിപ പരിശോധനാ ഫലവുമായി ബന്ധപ്പെട്ട വിവാദത്തിലും മന്ത്രി പ്രതികരിച്ചു. വൈകിട്ട് 5.30ന് നടത്തിയ വാർത്താസമ്മേളന സമയത്ത് ഫലം ലഭിച്ചിരുന്നില്ലെന്നും പിന്നീട് ഉച്ചയ്ക്ക് തന്നെ ഫലം വന്നിരുന്നുവെന്ന് അറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യവകുപ്പ് ഡയറക്ടർക്ക് വിവരം അറിയാമായിരുന്നെങ്കിലും വൈകിട്ട് ആറുമണിക്കാണ് അറിയിച്ചതെന്നും ജില്ലാ കളക്ടർക്ക് വീഴ്ചയില്ലെന്നും മന്ത്രി ആരോപിച്ചു. വിവരങ്ങൾ മറച്ചുവെച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോഗ്യവകുപ്പും മന്ത്രിയും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന് വരുത്തുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. മുൻകാല രാഷ്ട്രീയ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, വകുപ്പിൽ സഹകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും വ്യക്തമാക്കി.

നിപ സാഹചര്യത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു. സമ്പർക്ക പട്ടികയിലുള്ള ലക്ഷണമുണ്ടായിരുന്ന 11 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. ആകെ 100 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ നാല് പേർ അതീവ അപകടസാധ്യത വിഭാഗത്തിലും 14 പേർ ഉയർന്ന അപകടസാധ്യത വിഭാഗത്തിലും 82 പേർ കുറഞ്ഞ അപകടസാധ്യത വിഭാഗത്തിലുമാണ്. സമ്പർക്ക പട്ടികയിൽ 44 ആരോഗ്യപ്രവർത്തകരുമുണ്ട്. ഇതുവരെ നടത്തിയ 30 പരിശോധനകളിൽ 29 ഫലങ്ങളും നെഗറ്റീവാണ്.

രോഗം സ്ഥിരീകരിച്ച പ്രദേശത്തെ 320 വീടുകളിലായി 1,047 പേരിൽ ആരോഗ്യ സർവേ നടത്തിയപ്പോൾ ആർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. നിരീക്ഷണത്തിലുള്ളവർക്ക് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വീടുകളിൽ എത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് ജനുവരി ഒന്നുമുതൽ ഇതുവരെ 135 ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൂന്ന് മരണങ്ങളും രേഖപ്പെടുത്തി. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ കണ്ടെത്തിയത്. നിലവിൽ രണ്ട് കുട്ടികൾ ഐസിയുവിൽ ചികിത്സയിലുണ്ടെന്നും അതിൽ രണ്ട് പേരുടെയും നില ഗുരുതരമാണെന്നും മന്ത്രി വ്യക്തമാക്കി.

You may also like