ന്യൂഡൽഹി: ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിനിടെ ആക്രമിക്കപ്പെട്ട ഓരോ വിദ്യാർത്ഥിക്കും നീതി ലഭ്യമാക്കുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഇത് പ്രതിപക്ഷം നൽകുന്ന ഉറപ്പാണെന്നും സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതരാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും, സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര സമിതി രൂപീകരിച്ച് സംഭവത്തിൽ അന്വേഷണം നടത്തണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഒരു രാത്രി കൊണ്ട് സെൽഫി വീഡിയോ പുറത്തിറക്കിയാൽ ജെൻ സി വിദ്യാർത്ഥികളുമായി സംവദിക്കാമെന്നാണ് പ്രധാനമന്ത്രി കരുതുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ലോക്സഭയിൽ പ്രതിപക്ഷ നേതാവിന് സംസാരിക്കാൻ അവസരം നിഷേധിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. നിരവധി തവണ സ്പീക്കറോട് മൈക്ക് ഓൺ ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും അനുമതി ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. കിരൺ റിജിജുവിനും രാജ്നാഥ് സിംഗിനും സംസാരിക്കാൻ അവസരം ലഭിച്ചെങ്കിലും, അമിത് ഷായെക്കുറിച്ച് പരാമർശിച്ചതിനാലാണ് തനിക്ക് അനുമതി നിഷേധിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
അമിത് ഷായെക്കുറിച്ചുള്ള പരാമർശത്തിന് മാപ്പ് പറഞ്ഞാൽ സംസാരിക്കാൻ അവസരം നൽകാമെന്ന് അറിയിച്ചെന്നും, എന്നാൽ ബിജെപിയോടോ ആർഎസ്എസിനോടോ ഒരിക്കലും മാപ്പ് പറയില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. പ്രതിപക്ഷ നേതാവെന്ന നിലയിൽ രാജ്യത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ശബ്ദമുയർത്തുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികൾക്കെതിരെ തെരുവിൽ ക്രൂരമായ ആക്രമണമാണ് നടന്നതെന്നും, ബജ്റംഗ്ദൾ പ്രവർത്തകർ വരെ വിദ്യാർത്ഥികളെ ആക്രമിച്ചെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ആണി തറച്ച ലാത്തി ഉപയോഗിച്ചാണ് വിദ്യാർത്ഥികളെ മർദിച്ചതെന്നും, ഉദ്യോഗസ്ഥർ യൂണിഫോം ധരിക്കാതെയാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
സംഭവസമയത്ത് അമിത് ഷാ ഉദ്യോഗസ്ഥരുമായി ഫോണിൽ സംസാരിക്കുന്നത് നേരിട്ട് കണ്ടതായും, തെരുവിൽ നടന്ന സംഭവങ്ങളെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. സുരക്ഷാസേനയ്ക്ക് ഇത്തരം നടപടികൾക്ക് നിർദേശം നൽകുന്നത് ആഭ്യന്തര മന്ത്രിയാണെന്നും, വിദ്യാർത്ഥികൾക്ക് സംഭവിച്ചതിന്റെ ഉത്തരവാദിത്വം അമിത് ഷാക്കാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് അതിക്രമത്തെക്കുറിച്ച് അറിയില്ലെന്നാണ് അമിത് ഷാ പറയുന്നതെങ്കിൽ അത് അദ്ദേഹത്തിന്റെ കഴിവുകേടാണെന്നും അദ്ദേഹം വിമർശിച്ചു.
ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള ബില്ലിൽ കുറ്റക്കാർക്ക് ശിക്ഷ നൽകുമെന്നത് മാത്രമാണ് പറയുന്നതെന്നും, ബിൽ അംഗീകരിക്കുന്നുവെങ്കിലും ചർച്ച ചെയ്യാൻ ഒന്നുമില്ലാത്ത ബില്ലാണിതെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. പ്രശ്നത്തിന്റെ മൂലകാരണം പരിഹരിക്കാതെ ശിക്ഷ വർധിപ്പിക്കുന്ന സമീപനമാണ് ബില്ലിലുള്ളതെന്നും അദ്ദേഹം വിമർശിച്ചു.
പ്രതിഷേധവുമായി രംഗത്തെത്തിയ വിദ്യാർത്ഥികളെ ഓർത്ത് അഭിമാനമുണ്ടെന്നും, അവരുടെ മാതാപിതാക്കൾക്കുപോലും ഇല്ലാതിരുന്ന ധൈര്യമാണ് അവർ പ്രകടിപ്പിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അമിത് ഷാ രാജിവയ്ക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

