Home Kerala‘കോടതി വിളക്ക്’ പേര് മാറ്റുന്നത് പരിഗണിക്കണം; മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശം

‘കോടതി വിളക്ക്’ പേര് മാറ്റുന്നത് പരിഗണിക്കണം; മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശം

by news_desk1
0 comments

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശിയോടനുബന്ധിച്ച് അഭിഭാഷകരും ജുഡീഷ്യൽ ഉദ്യോഗസ്ഥരും സംഘടിപ്പിച്ചുവരുന്ന ‘കോടതി വിളക്ക്’ ആഘോഷത്തിന്റെ പേര് മാറ്റുന്ന കാര്യം മൂന്ന് മാസത്തിനകം പരിഗണിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി ഗുരുവായൂർ ദേവസ്വം മാനേജ്മെന്റ് കമ്മിറ്റിക്ക് നിർദേശം നൽകി.

നേരത്തെ, ചാവക്കാട് മുൻസിഫ് കോടതി ബാർ അസോസിയേഷൻ അംഗങ്ങൾ ഉൾപ്പെടുന്ന സംഘാടക സമിതി നടത്തുന്ന ഈ വിളക്കാഘോഷത്തിൽ നിന്ന് ജുഡീഷ്യൽ ഓഫീസർമാർ വിട്ടുനിൽക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.

തൃശ്ശൂർ ജില്ലയുടെ ചുമതലയുണ്ടായിരുന്ന ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരാണ് 2022ൽ തൃശ്ശൂർ ജില്ലാ ജഡ്ജിക്ക് ഇതുസംബന്ധിച്ച കത്ത് നൽകിയത്. മതേതര ജനാധിപത്യ സ്ഥാപനങ്ങളായ കോടതികൾ ഏതെങ്കിലും പ്രത്യേക മതപരമായ ചടങ്ങുകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കുന്നത് ഉചിതമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്.

ബാർ അസോസിയേഷൻ അംഗങ്ങൾ വ്യക്തിപരമായോ കൂട്ടായോ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ എതിർപ്പില്ലെങ്കിലും, ‘കോടതി വിളക്ക്’ എന്ന പേര് ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

അതേസമയം, മുൻവർഷങ്ങളിൽ ക്ഷേത്രത്തിനകത്തും നടപ്പന്തലിലും വിളക്കുകൾ തെളിയിച്ചും മേൽപത്തൂർ ഓഡിറ്റോറിയത്തിൽ കലാപരിപാടികൾ സംഘടിപ്പിച്ചുമാണ് കോടതി വിളക്ക് ആഘോഷം നടന്നത്. കാഴ്ചശീവേലിക്ക് പെരുവനം കുട്ടൻ മാരാർ, തിരുവല്ല രാധാകൃഷ്ണൻ, കക്കാട് രാജപ്പൻ മാരാർ എന്നിവരുടെ നേതൃത്വത്തിലുള്ള മേളം അകമ്പടിയായിരുന്നു. സാംസ്കാരിക പരിപാടികൾ ജസ്റ്റിസ് പി. സോമരാജൻ ഉദ്ഘാടനം ചെയ്തിരുന്നു.

അഗതി മന്ദിരത്തിൽ നടന്ന അന്നദാനത്തിൽ ജഡ്ജിമാരായ എൻ. ശേഷാദ്രിനാഥ്, എ.പി. ഷിബു എന്നിവരും പങ്കെടുത്തിരുന്നു. നോട്ടിസുകളിലും കമാനങ്ങളിലും തെക്കേനടയിലും കിഴക്കേനടയിലും ‘കോടതി വിളക്ക്’ എന്ന പേര് ഉപയോഗിച്ചിരുന്ന സാഹചര്യത്തിലാണ് പേരുമാറ്റം സംബന്ധിച്ച് മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ ഹൈക്കോടതി പുതിയ നിർദേശം നൽകിയിരിക്കുന്നത്.

You may also like