കൊച്ചി: സർക്കാർ അഭിഭാഷകരുടെ നിയമനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിൽ കടുത്ത പ്രതിഷേധം. നിയമനങ്ങളിലെ ക്രമക്കേടുകൾ പുനഃപരിശോധിക്കാൻ ജനറൽ ബോഡി യോഗം വിളിക്കണമെന്നാണ് ആവശ്യം. മറ്റ് പാർട്ടികളുമായി ബന്ധപ്പെട്ടവരുടെ നിയമനം മുഖ്യമന്ത്രിയുടെ ഓഫീസിനെ പുകമറയിലാക്കിയെന്നും വിമർശനമുയരുന്നു.
ഇത്തരം നിയമനങ്ങൾക്ക് പിന്നിൽ പാർട്ടിയിലെ ചില നിക്ഷിപ്ത താൽപര്യക്കാരാണെന്ന ആരോപണവും ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉയർന്നു. ഗ്രൂപ്പിലെ ചർച്ചകളുടെ സ്ക്രീൻഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്. വർഷങ്ങളായി പാർട്ടിക്കൊപ്പം പ്രവർത്തിച്ച അഭിഭാഷകരെ അവഗണിച്ച് താൽപര്യക്കാർക്ക് അനുകൂലമായ രീതിയിലാണ് നിയമനം നടത്തിയതെന്നും വിമർശനമുണ്ട്.
പ്ലീഡർ നിയമന വിവാദം; കർശന പരിശോധനയ്ക്ക് സർക്കാർ
സർക്കാർ അഭിഭാഷക നിയമന വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ഇനിയുള്ള നിയമനങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കാൻ സർക്കാർ തീരുമാനിച്ചു. ബാക്കിയുള്ള 43 പ്ലീഡർമാരുടെ നിയമനത്തിൽ അഡ്വക്കേറ്റ് ജനറലിന്റെയും ഡിജിപിയുടെയും വിശദമായ പരിശോധനയും കർശന നിരീക്ഷണവും ഉണ്ടാകും. ഇതിനകം നിയമനം ലഭിച്ചവരുടെ കാര്യത്തിലും സൂക്ഷ്മ പരിശോധന നടത്തും. ഹൈക്കോടതിയിൽ ആകെ 133 പ്ലീഡർമാരെയാണ് നിയമിക്കേണ്ടത്. ഇതുവരെ 90 പേരെ നിയമിച്ചിട്ടുണ്ട്.
രണ്ട് തവണ വിവാദങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് സർക്കാർ കൂടുതൽ കരുതലിലേക്ക് നീങ്ങിയത്. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ ദേവസ്വം പ്ലീഡറായി നിയമിച്ച സംഭവം വലിയ ചർച്ചയായിരുന്നു. തുടർന്ന് ദേവസ്വം സ്പെഷ്യൽ പ്ലീഡർ കെ.ബി. പ്രദീപ് രാജിവെച്ചു.
അതേസമയം, പ്ലീഡർ പട്ടികയിൽ സിപിഐ അംഗമായ അഡ്വ. പി. ദീപ്തി ഉൾപ്പെട്ടതും വിവാദമായി. പട്ടികയിൽ പേര് വന്നതിന് പിന്നാലെ പി. ദീപ്തിയോട് സിപിഐ രാജി ആവശ്യപ്പെടുകയും, പ്ലീഡർ സ്ഥാനം ഏറ്റെടുക്കില്ലെന്ന് അവർ വ്യക്തമാക്കുകയും ചെയ്തു.

