Home Keralaപഠനം നിർത്താൻ കാരണമായ നിരന്തര ശല്യം; ദുരൂഹ മരണത്തിൽ വഴിത്തിരിവ്, നഴ്സിങ് വിദ്യാർത്ഥിനിയുടെ കേസ് ക്രൈംബ്രാഞ്ചിന്

പഠനം നിർത്താൻ കാരണമായ നിരന്തര ശല്യം; ദുരൂഹ മരണത്തിൽ വഴിത്തിരിവ്, നഴ്സിങ് വിദ്യാർത്ഥിനിയുടെ കേസ് ക്രൈംബ്രാഞ്ചിന്

by news_desk1
0 comments

തുറവൂർ: കൊല്ലത്ത് നഴ്സിങ് വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. തുറവൂർ പഞ്ചായത്ത് 17-ാം വാർഡ് പള്ളിത്തോട് പടിഞ്ഞാറേ മനക്കോടം പാല്ല്യത്തൈയ്യിൽ സാജൻ ആന്റണിയുടെ മകൾ ഫെബിന സാജന്റെ (23) മരണമാണ് ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കുക.

കൊല്ലത്തെ ബെൻസിഗർ നഴ്സിങ് കോളേജിലെ വിദ്യാർത്ഥിനിയായിരുന്ന ഫെബിന, പരീക്ഷ എഴുതുന്നതിനായി കൊട്ടിയത്തുള്ള ബന്ധുവീട്ടിൽ താമസിച്ചുവരുന്നതിനിടെയാണ് കഴിഞ്ഞ ജനുവരി 18-ന് മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കൾ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയതിനെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

മഹാരാഷ്ട്ര സ്വദേശിയും നിലവിൽ കൊല്ലത്ത് സ്വർണ വ്യാപാരം നടത്തുന്ന പ്രതീപ് എന്നയാളിൽ നിന്ന് ഫെബിനയ്ക്ക് നിരന്തരമായി പീഡനവും ഭീഷണിയും നേരിടേണ്ടിവന്നിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇയാൾ മുൻപ് പലതവണ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായും പരാതിയിൽ പറയുന്നു. പ്രതീപിന്റെ നിരന്തര ശല്യം മൂലം ഫെബിന പഠനം പോലും നിർത്തിയിരുന്നുവെന്നും പരീക്ഷ എഴുതാനായി മാത്രം കൊല്ലത്ത് എത്തിയപ്പോഴാണ് മരണം സംഭവിച്ചതെന്നും കുടുംബം വ്യക്തമാക്കുന്നു.

ആലപ്പുഴയിൽ നിന്നുള്ള മാതാപിതാക്കൾ എത്തുന്നതിന് മുമ്പ് തന്നെ പോസ്റ്റ്മോർട്ടവും മറ്റ് നടപടിക്രമങ്ങളും തിടുക്കത്തിൽ പൂർത്തിയാക്കിയതും ദുരൂഹത വർധിപ്പിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു. കൂടാതെ മൃതദേഹത്തിൽ മുട്ടുസൂചികൊണ്ട് കുത്തിയ പാടുകൾ ഉണ്ടായിരുന്നുവെന്നും ചുണ്ടിൽ മുട്ടുസൂചി കുത്തിത്തറച്ച നിലയിലായിരുന്നുവെന്നുമാണ് കുടുംബത്തിന്റെ ആരോപണം.

സംഭവത്തിൽ മാതാപിതാക്കൾ കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയ്ക്ക് കൈമാറിയിരുന്നു. ഫെബിനയുടെ മരണത്തിൽ അസ്വാഭാവിക സാഹചര്യങ്ങൾ നിലനിൽക്കുന്നതായും, സംഭവത്തിൽ കൊട്ടിയം പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായതായും, കേസ് അട്ടിമറിക്കാൻ ശ്രമം നടന്നതായും അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിലാണ് കേസിൽ സംസ്ഥാന ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്താൻ ഉത്തരവിറക്കിയത്. മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനും ഉയർന്നുവന്ന ആരോപണങ്ങൾ പരിശോധിക്കുന്നതിനുമായി ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കും.

You may also like