കേരളം വീണ്ടും ഒരു ഗുരുതരമായ പൊതുജനാരോഗ്യ പ്രതിസന്ധിയുടെ നടുവിലാണ്. ഡെങ്കിപ്പനി, ഷിഗെല്ല, എലിപ്പനി, മഞ്ഞപ്പിത്തം, ഇൻഫ്ലുവൻസ, ചിക്കൻപോക്സ്, വയറിളക്കരോഗങ്ങൾ തുടങ്ങി വിവിധ പകർച്ചവ്യാധികൾ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. ദിവസേന പതിമൂവായിരത്തിലധികം ആളുകൾ പനി ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടുന്ന സാഹചര്യം ആരോഗ്യരംഗം നേരിടുന്ന വെല്ലുവിളിയുടെ ഗൗരവം വ്യക്തമാക്കുന്നു. ഇതിനിടെ വിവിധ പകർച്ചവ്യാധികൾ മൂലം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആശങ്ക ഇരട്ടിയാക്കുകയാണ്. അമീബിക് മസ്തിഷ്കജ്വരം പോലുള്ള അപൂർവവും അപകടകരവുമായ രോഗങ്ങൾ വീണ്ടും സ്ഥിരീകരിക്കുന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുന്നു.
പ്രത്യേകിച്ച് ഷിഗെല്ല രോഗബാധയുടെ വ്യാപനം സംസ്ഥാനത്തെ ആരോഗ്യവകുപ്പിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഇടുക്കി, കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിൽ കുട്ടികളിൽ രോഗം സ്ഥിരീകരിച്ചതോടെ രോഗവ്യാപനം പുതിയ മേഖലകളിലേക്ക് വ്യാപിക്കുന്നുവെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ഈ വർഷം മാത്രം നൂറിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുകയും നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ, ഇത് ഒരു സാധാരണ സീസണൽ രോഗപ്രശ്നമായി കാണാനാവില്ല. ശുചിത്വക്കുറവും മലിനജലവും സുരക്ഷിതമല്ലാത്ത ഭക്ഷണവും രോഗവ്യാപനത്തിന് പ്രധാന കാരണങ്ങളാണെന്നത് ആരോഗ്യവിദഗ്ധർ ആവർത്തിച്ച് ചൂണ്ടിക്കാട്ടുന്ന കാര്യമാണ്.
സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളും ഒരേസമയം വ്യാപിക്കുന്നതും ആശങ്കാജനകമാണ്. മഴക്കാലം ശക്തമാകുന്നതോടെ കൊതുകുകളുടെ പ്രജനനവും ജലജന്യ രോഗങ്ങളുടെ വ്യാപനവും വർധിക്കാനുള്ള സാധ്യത കൂടുതലാണ്. പല പ്രദേശങ്ങളിലും വെള്ളക്കെട്ടുകളും മാലിന്യക്കൂമ്പാരങ്ങളും ഇപ്പോഴും നിലനിൽക്കുന്നത് രോഗവ്യാപനത്തിന് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു. ആരോഗ്യവകുപ്പ് മുന്നറിയിപ്പുകൾ നൽകുന്നുണ്ടെങ്കിലും അവ പ്രായോഗിക തലത്തിൽ എത്രത്തോളം നടപ്പാകുന്നു എന്നത് പരിശോധിക്കപ്പെടേണ്ട വിഷയമാണ്.
ഈ സാഹചര്യത്തിൽ ആരോഗ്യ മന്ത്രി തന്നെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ വൈകിയെന്ന് സമ്മതിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ തിരക്കാണ് ഇതിന് കാരണമായതെന്ന വിശദീകരണം ഭരണപരമായ ഒരു യാഥാർഥ്യമായിരിക്കാം. എന്നാൽ ജനങ്ങളുടെ ആരോഗ്യവും ജീവനുമാണ് വിഷയമാകുമ്പോൾ ഇത്തരം കാരണങ്ങൾ ആശ്വാസകരമല്ല. പ്രതിരോധ പ്രവർത്തനങ്ങളിൽ ഉണ്ടായ ഓരോ ദിവസത്തെ കാലതാമസവും രോഗവ്യാപനത്തിനും മരണങ്ങൾക്കും വഴിയൊരുക്കുന്നുവെന്ന യാഥാർഥ്യം മറക്കാനാവില്ല. പൊതുജനാരോഗ്യ വിഷയങ്ങളിൽ രാഷ്ട്രീയവും ഭരണപരവുമായ മുൻഗണനകൾ ഒരിക്കലും ജനങ്ങളുടെ ജീവന് മുകളിലാകരുത്.
അതേസമയം, പകർച്ചവ്യാധി പ്രതിരോധത്തിനായി ഹൈപവർ കമ്മിറ്റി രൂപീകരിക്കുകയും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ ശക്തമാക്കാൻ സർക്കാർ തീരുമാനിക്കുകയും ചെയ്തിരിക്കുന്നത് സ്വാഗതാർഹമാണ്. എന്നാൽ കമ്മിറ്റികൾ രൂപീകരിക്കുന്നതും അവലോകന യോഗങ്ങൾ നടത്തുന്നതും മാത്രം മതിയാകില്ല. അതിന്റെ ഫലങ്ങൾ ജനങ്ങൾക്ക് അനുഭവപ്പെടണം. തദ്ദേശ സ്ഥാപനങ്ങൾ, ആരോഗ്യവകുപ്പ്, ജല അതോറിറ്റി, ഭക്ഷ്യസുരക്ഷാ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് തുടങ്ങി എല്ലാ സംവിധാനങ്ങളും ഏകോപിതമായി പ്രവർത്തിക്കേണ്ടതുണ്ട്. ഗ്രാമങ്ങളിലും നഗരങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ, കൊതുകുനശീകരണം, കുടിവെള്ള സ്രോതസുകളുടെ പരിശോധന, ഭക്ഷ്യസുരക്ഷാ പരിശോധന, പൊതുജന ബോധവൽക്കരണം എന്നിവ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണം.
കുപ്പിവെള്ളം ഉൾപ്പെടെയുള്ള കുടിവെള്ള സ്രോതസുകൾ കർശനമായി പരിശോധിക്കണമെന്ന ആരോഗ്യവകുപ്പിന്റെ നിർദേശം സമയോചിതമാണ്. എന്നാൽ പരിശോധനകൾ കൃത്യമായി നടക്കുകയും നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും വേണം. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിലും അധികൃതർ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. പൊതുസ്ഥലങ്ങൾ, സ്കൂളുകൾ, ഹോസ്റ്റലുകൾ, ആശുപത്രികൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ ശുചിത്വം ഉറപ്പാക്കുന്നത് രോഗവ്യാപനം തടയുന്നതിൽ നിർണായകമാണ്.
ഈ ഘട്ടത്തിൽ രാഷ്ട്രീയം മാറ്റിവെച്ചുള്ള കൂട്ടായ പ്രവർത്തനമാണ് കേരളത്തിന് ഏറ്റവും ആവശ്യമായത്. സർക്കാർ, പ്രതിപക്ഷം, തദ്ദേശസ്ഥാപനങ്ങൾ, ആരോഗ്യപ്രവർത്തകർ, സന്നദ്ധസംഘടനകൾ, മാധ്യമങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവർ ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണിത്. പകർച്ചവ്യാധികൾ രാഷ്ട്രീയ കക്ഷികളെയോ ആശയങ്ങളെയോ തിരിച്ചറിയുന്നില്ല; അവ മനുഷ്യജീവനുകളെയാണ് ലക്ഷ്യമിടുന്നത്. അതിനാൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ രാഷ്ട്രീയ വിവാദങ്ങളുടെ വിഷയമാക്കാതെ പൊതുസമൂഹത്തിന്റെ സംയുക്ത ഉത്തരവാദിത്തമായി കാണണം.
അതോടൊപ്പം ഓരോ പൗരനും സ്വന്തം ഉത്തരവാദിത്തം തിരിച്ചറിയേണ്ടതുണ്ട്. ശുചിത്വം ഒരു വ്യക്തിപരമായ ശീലം മാത്രമല്ല, സാമൂഹിക ബാധ്യത കൂടിയാണ്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുക, പഴകിയ ഭക്ഷണം ഒഴിവാക്കുക, വീടിനും പരിസരത്തിനും ചുറ്റുമുള്ള വെള്ളക്കെട്ടുകൾ നീക്കം ചെയ്യുക, രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുക തുടങ്ങിയ മുൻകരുതലുകൾ കർശനമായി പാലിക്കണം. രോഗം മറച്ചുവയ്ക്കുകയോ ചികിത്സ വൈകിക്കുകയോ ചെയ്യുന്നത് വ്യക്തിക്കും സമൂഹത്തിനും അപകടകരമാണ്.
കേരളം മുമ്പും വലിയ ആരോഗ്യ പ്രതിസന്ധികളെ അതിജീവിച്ചിട്ടുണ്ട്. നിപ്പ വൈറസ് ബാധയും കോവിഡ് മഹാമാരിയും നേരിടുമ്പോൾ ആരോഗ്യപ്രവർത്തകരുടെയും ഭരണസംവിധാനങ്ങളുടെയും പൊതുജനങ്ങളുടെയും കൂട്ടായ പ്രവർത്തനം ലോകത്തിന് മാതൃകയായിട്ടുണ്ട്. അതേ ജാഗ്രതയും ഉത്തരവാദിത്തബോധവും ഐക്യവും വീണ്ടും പ്രകടിപ്പിക്കേണ്ട സമയമാണിത്. കാരണം പകർച്ചവ്യാധികൾക്കെതിരായ പോരാട്ടത്തിൽ ഓരോ ദിവസവും വിലപ്പെട്ടതാണ്; ഓരോ ജീവനുകളും അതിലും വിലപ്പെട്ടതാണ്. രോഗം പടർന്നശേഷം പ്രതികരിക്കുന്നതിനേക്കാൾ രോഗം പടരാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കുന്നതാണ് ഒരു സമൂഹത്തിന്റെ യഥാർഥ ശക്തി. കേരളം ആ ശക്തി വീണ്ടും തെളിയിക്കേണ്ട ഘട്ടമാണിത്.

