കൊച്ചി: ഹിറ്റ് ഹൊറർ കോമഡി ചിത്രമായ ‘പ്രകമ്പന’ത്തിന് ശേഷം സംവിധായകൻ വിജേഷ് പാണത്തൂർ പുതിയ ചിത്രവുമായി എത്തുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന പുതിയ ഫാന്റസി ചിത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം സെപ്റ്റംബറിൽ ആരംഭിക്കും.
വിജേഷ് പാണത്തൂറും ശ്രീ ഗോകുലം മൂവീസും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഫാന്റസി വിഭാഗത്തിലായിരിക്കും ഒരുങ്ങുക. ബൈജു ഗോപാലൻ, വി സി പ്രവീൺ എന്നിവർ കോ-പ്രൊഡ്യൂസർമാരും കൃഷ്ണമൂർത്തി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്.
ജയസൂര്യ നായകനാകുന്ന ‘കത്തനാർ’, എസ് ജെ സൂര്യയുടെ ‘കില്ലർ’, സുരേഷ് ഗോപി നായകനാകുന്ന ‘ഒറ്റക്കൊമ്പൻ’, മോഹൻലാൽ – വിഷ്ണു മോഹൻ കൂട്ടുകെട്ടിലെ L367 എന്നിവയാണ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മറ്റ് പ്രധാന ചിത്രങ്ങൾ.
അടുത്തിടെ ബോക്സ് ഓഫീസ് വിജയമായി മാറിയ ‘പ്രകമ്പനം’ ഒരു മുഴുനീള ഫാമിലി കോമഡി–ഹൊറർ ഡ്രാമയായാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. എല്ലാ പ്രായത്തിലുള്ള പ്രേക്ഷകരെയും തിയേറ്ററുകളിലേക്ക് ആകർഷിക്കാൻ ചിത്രത്തിന് സാധിച്ചു. ഗണപതി, സാഗർ, സൂര്യ അൽ അമീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ ശീതൾ ജോസഫ് ആയിരുന്നു നായിക.
നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ‘പ്രകമ്പനം’ അവതരിപ്പിച്ചത്. ‘നദികളിൽ സുന്ദരി’ക്ക് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്ത ചിത്രത്തിന് കഥ സംവിധായകന്റേതും തിരക്കഥയും സംഭാഷണവും നവാഗതനായ ശ്രീഹരി വടക്കനുടേതുമായിരുന്നു. ശ്രീജിത്ത് കെ എസ്, കാർത്തികേയൻ എസ്, സുധീഷ് എൻ എന്നിവരാണ് നിർമ്മാതാക്കൾ.
അമീൻ, കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി പി കുഞ്ഞികൃഷ്ണൻ, ഗായത്രി സതീഷ്, ലാൽ ജോസ്, പ്രശാന്ത് അലക്സാണ്ടർ, സനീഷ് പള്ളി, കുടശ്ശനാട് കനകം എന്നിവരടങ്ങുന്ന വലിയ താരനിരയും ചിത്രത്തിന്റെ പ്രത്യേകതയായിരുന്നു. മലയാളത്തിലെ പ്രമുഖ ഇൻഫ്ലുവൻസേഴ്സും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തിയിരുന്നു.

