തിരുവനന്തപുരം: പ്രിയദർശിനി ബസുകളിൽ ടിക്കറ്റിന് പണം നൽകാൻ സ്ത്രീ യാത്രക്കാർ തയാറായാലും അത് സ്വീകരിക്കില്ലെന്ന് ഗതാഗത മന്ത്രി സിപി ജോൺ. അത്തരത്തിൽ പണം വാങ്ങുന്നത് പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഒരു ഓർഡിനറി ബസ് പോലും സിറ്റി ഫാസ്റ്റായി മാറ്റിയിട്ടില്ലെന്നും സിറ്റി ഫാസ്റ്റ് ബസുകൾ തിരിച്ചറിയുന്നതിനായാണ് സ്റ്റിക്കറുകൾ പതിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന 384 സിറ്റി ഫാസ്റ്റ് ബസുകളിൽ രണ്ട് സർവീസുകൾ ഓർഡിനറിയാക്കി മാറ്റിയിട്ടുണ്ട്. പൊഴിയൂർ-അഞ്ചുതെങ്ങ്, പാപ്പനംകോട്-വികാസ് ഭവൻ സർവീസുകളാണ് ഓർഡിനറിയായി മാറ്റിയത്.
2026 ജൂൺ 16-ന് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ 18.56 ലക്ഷം പേർ യാത്ര ചെയ്തതിൽ 11.84 ലക്ഷം പേർ സ്ത്രീകളാണെന്ന് മന്ത്രി അറിയിച്ചു. ഈ ദിവസത്തെ സൗജന്യ യാത്രയ്ക്കായി കെഎസ്ആർടിസിക്ക് 2.46 കോടി രൂപ സർക്കാർ നൽകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്ത് മാത്രമാണ് നിലവിൽ സിറ്റി ഫാസ്റ്റ് സർവീസുകൾ ഉള്ളതെന്നും ഒരു ഓർഡിനറി ബസും സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ലെന്നും മന്ത്രി ആവർത്തിച്ചു.
മുൻ സർക്കാരിന്റെ കാലത്ത് ബസുകൾ വാങ്ങിയതിൽ ക്രമക്കേട് ഉണ്ടായെന്ന ആരോപണങ്ങൾ വകുപ്പ് സെക്രട്ടറി പരിശോധിക്കുമെന്നും മന്ത്രി സിപി ജോൺ അറിയിച്ചു.

