തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. കെ ജെ റീനയെ മാറ്റിയ സർക്കാർ നടപടിക്ക് സ്റ്റേ. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് നടപടി സ്റ്റേ ചെയ്തത്. കെ ജെ റീന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ട്രൈബ്യൂണലിന്റെ ഇടപെടൽ. ആരോഗ്യ വകുപ്പിന്റെ നടപടി നീതി ലംഘനമാണെന്നാണ് പരാതിയിൽ റീന ചൂണ്ടിക്കാട്ടിയത്.
നേരത്തെ ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ ഉത്തരവിലെ പിഴവ് സർക്കാർ തിരുത്തിയിരുന്നു. റീന 15 ദിവസം അവധിയെടുത്തുവെന്ന പരാമർശം ഒഴിവാക്കിയാണ് ആരോഗ്യ വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. നിപ പോലുള്ള അടിയന്തര സാഹചര്യത്തിൽ റീന 15 ദിവസം അവധിയെടുത്തെന്ന ആരോപണത്തെ തുടർന്നായിരുന്നു സ്ഥലംമാറ്റ നടപടി വിവാദമായത്. എന്നാൽ റീന രണ്ടര ദിവസം മാത്രമാണ് അവധിയെടുത്തതെന്ന രേഖകൾ പുറത്തുവന്നതിനെ തുടർന്നാണ് സർക്കാർ ഉത്തരവിൽ തിരുത്തൽ വരുത്തിയത്.
തന്നോട് യാതൊരു കൂടിയാലോചനയും നടത്താതെയാണ് നടപടി സ്വീകരിച്ചതെന്ന് റീന പ്രതികരിച്ചിരുന്നു. ഉത്തരവ് പുറത്തിറങ്ങിയപ്പോഴാണ് സ്ഥലംമാറ്റ വിവരം അറിഞ്ഞതെന്നും ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടി അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയ ശേഷമാണ് രണ്ടര ദിവസത്തെ അവധി എടുത്തതെന്നും അവർ വ്യക്തമാക്കി. അത് എങ്ങനെ 15 ദിവസമായി രേഖപ്പെടുത്തിയെന്ന് മനസിലാകുന്നില്ലെന്നും ശബരിമലയിലേക്ക് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ വിട്ടുനൽകില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ഇത് ലക്ഷ്യമിട്ടുള്ള നടപടിയാണെന്ന് തോന്നുന്നുവെന്നും റീന പ്രതികരിച്ചു.
ആരോഗ്യ വകുപ്പ് ഡയറക്ടറായിരുന്ന കെ ജെ റീനയെ സർക്കാർ നേരത്തെ എറണാകുളം റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിലേക്ക് സ്ഥലംമാറ്റിയിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ അതൃപ്തിയാണ് സ്ഥാനമാറ്റത്തിന് പിന്നിലെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അഡീഷണൽ ഡയറക്ടർ ഡോ. വി മീനാക്ഷിക്കായിരുന്നു സർക്കാർ താൽക്കാലിക ചുമതല നൽകിയിരുന്നത്.

