Home Keralaവീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്; ‘എത്ര കിട്ടി’ എന്ന് വി.ഡി സതീശൻ പറയണമെന്ന് എം ബി രാജേഷ്, സർക്കാരിനെതിരെ ആദ്യ അഴിമതി ആരോപണം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്; ‘എത്ര കിട്ടി’ എന്ന് വി.ഡി സതീശൻ പറയണമെന്ന് എം ബി രാജേഷ്, സർക്കാരിനെതിരെ ആദ്യ അഴിമതി ആരോപണം

by news_desk1
0 comments

പാലക്കാട്/തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള ബജറ്റ് പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷത്തിന്റെ ശക്തമായ വിമർശനം. ബജറ്റ് വലിയ അഴിമതിക്ക് കളമൊരുക്കുന്നതാണെന്ന് മുൻ എക്സൈസ് മന്ത്രി എം ബി രാജേഷ് ആരോപിച്ചു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകി മദ്യം ഒഴുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും, മദ്യത്തിനെതിരെ വലിയ പ്രസംഗം നടത്തിയവർ ഇപ്പോൾ മദ്യം സുലഭമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി മദ്യക്കമ്പനികളിൽ നിന്ന് എത്ര പണം വാങ്ങിയെന്നും വി.ഡി സതീശന് എത്ര കിട്ടിയെന്ന് വ്യക്തമാക്കണമെന്നും എം ബി രാജേഷ് ആരോപിച്ചു. സർക്കാർ ജീവനക്കാർക്ക് അനുകൂലമായ ആനുകൂല്യങ്ങൾ നൽകാത്ത സാഹചര്യത്തിലാണ് മദ്യത്തിന് അനുകൂലമായ ഈ തീരുമാനം എടുത്തതെന്നും, കർണാടക മദ്യ ലോബിയുടെ സ്വാധീനമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പനയ്ക്ക് സാധ്യത ഒരുക്കുന്ന നികുതി ഘടന ബജറ്റിൽ പ്രഖ്യാപിച്ചതിനെ തുടർന്ന് യുഡിഎഫ് സർക്കാരിനകത്തും പുറത്തും വിവാദം ശക്തമായി. നികുതി ഘടനയിലെ ഈ പരിഷ്‌കാരത്തെക്കുറിച്ച് എക്സൈസ് മന്ത്രി എം ലിജുവിന് മുൻകൂട്ടി അറിവില്ലായിരുന്നുവെന്നാണ് വിവരം. നയപരമായ മാറ്റമാണെങ്കിൽ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിലാണ് അത് തയ്യാറാക്കേണ്ടതെന്നും ഇക്കാര്യത്തിൽ പാർട്ടിക്കുള്ളിൽ ചർച്ചകൾ ഉണ്ടാകാനാണ് സാധ്യത.

വിദേശ മദ്യ ചട്ടങ്ങളിൽ മുൻ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് 0.5 ശതമാനം മുതൽ 20 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് മുഖ്യമന്ത്രി വി.ഡി സതീശൻ പുതിയ നികുതി ഘടന പ്രഖ്യാപിച്ചത്. കാർഷിക വിളകളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന വീര്യം കുറഞ്ഞ മദ്യത്തിന് നൽകിയ ഇളവിന്റെ മറവിൽ മദ്യ കമ്പനികളെ സഹായിക്കുകയാണെന്നാണ് സിപിഎമ്മിന്റെ വിമർശനം.

വീര്യം കുറഞ്ഞ മദ്യ വിൽപ്പനയ്ക്ക് മദ്യ കമ്പനികൾ എൽഡിഎഫ് സർക്കാരിനെ സമീപിച്ചിരുന്നെങ്കിലും നികുതി വരുമാനം കുറയുമെന്ന കാരണം ചൂണ്ടിക്കാട്ടി ധനവകുപ്പ് ആ ആവശ്യം തള്ളിയിരുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു.

You may also like