തൃശൂർ: തൃശൂരിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ കേന്ദ്രത്തിൽ ഉണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. ഒഡീഷ സ്വദേശിയായ ധൻപതി നായിക് (27) ആണ് കൊല്ലപ്പെട്ടത്. തൃശൂർ നഗരത്തിലെ ഒരു വാടകവീട്ടിൽ വെച്ചായിരുന്നു ആക്രമണം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് നാല് സ്ത്രീകളെയും രണ്ട് പുരുഷൻമാരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശികളാണ് ഈ കേന്ദ്രം നടത്തിവന്നിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
കഴിഞ്ഞ 18-ാം തീയതി രാത്രിയിലാണ് സംഭവം നടന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ധൻപതി നായിക്കിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി.
പണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിനും തുടർന്ന് നടന്ന കൊലപാതകത്തിനും കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഇതര സംസ്ഥാനക്കാരായ ആളുകൾക്ക് മാത്രമാണ് ഈ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിച്ചിരുന്നതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

