Home Nationalനീറ്റ് ചോദ്യപേപ്പർ വാഗ്ദാനം ചെയ്ത് വീഡിയോ കോൾ; 30,000 രൂപ ആവശ്യപ്പെട്ട സംഭവത്തിൽ അന്വേഷണം

നീറ്റ് ചോദ്യപേപ്പർ വാഗ്ദാനം ചെയ്ത് വീഡിയോ കോൾ; 30,000 രൂപ ആവശ്യപ്പെട്ട സംഭവത്തിൽ അന്വേഷണം

by news_desk1
0 comments

അജ്മീർ: നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാർത്ഥിക്ക് വീഡിയോ കോൾ വന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ചോദ്യപേപ്പർ നൽകാമെന്ന് പറഞ്ഞ് 30,000 രൂപ ആവശ്യപ്പെട്ട സംഭവത്തിൽ അജ്മീർ സിറ്റി പൊലീസാണ് അന്വേഷണം നടത്തുന്നത്.

മുൻ ഡിഎവി കോളേജ് സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റും എബിവിപി പ്രവർത്തകനുമായ കൃഷ്ണ സിങ് താക്കൂർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിപ്രകാരം, ഞായറാഴ്ച നടക്കുന്ന നീറ്റ് പരീക്ഷ എഴുതാനിരിക്കുന്ന ഡിഎവി കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിക്കാണ് അജ്ഞാത നമ്പറിൽ നിന്ന് ഫോൺ കോൾ ലഭിച്ചത്.

തന്റെ പക്കൽ നീറ്റ് ചോദ്യപേപ്പർ ഉണ്ടെന്നും പരീക്ഷയ്ക്ക് മുമ്പ് അത് നൽകാമെന്നുമായിരുന്നു വിളിച്ചയാളുടെ അവകാശവാദം. വിദ്യാർത്ഥി തെളിവ് ആവശ്യപ്പെട്ടതിനെ തുടർന്ന് അജ്ഞാതൻ വീഡിയോ കോൾ ചെയ്യുകയും ചോദ്യപേപ്പർ എന്ന് തോന്നിപ്പിക്കുന്ന രേഖകൾ ക്യാമറയിലൂടെ കാണിക്കുകയും ചെയ്തു.

തുടർന്ന് ഇതേ നമ്പറിൽ നിന്ന് കൃഷ്ണ സിങ് താക്കൂറിനും ഫോൺ കോൾ ലഭിച്ചു. 30,000 രൂപ നൽകിയാൽ ചോദ്യപേപ്പർ കൈമാറാമെന്ന് പറഞ്ഞയാൾ, പണം കൈമാറുന്നതിനായി ഒരു ഓൺലൈൻ പേയ്‌മെന്റ് നമ്പറും പങ്കുവെച്ചു. ഫോൺ സംഭാഷണത്തിന്റെ റെക്കോർഡുകൾ താക്കൂർ പൊലീസിന് കൈമാറിയിട്ടുണ്ട്.

പരാതി ലഭിച്ച ഉടൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി അഡീഷണൽ എസ്.പി (സിറ്റി) ഹിമാൻഷു ജാഗിദ് അറിയിച്ചു. ഫോൺ ചെയ്ത വ്യക്തിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും വീഡിയോ കോളിൽ കാണിച്ച രേഖയുടെ വിശ്വാസ്യത പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രാഥമിക അന്വേഷണത്തിൽ ഇത് പരീക്ഷാർത്ഥികളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുക്കാനുള്ള ഒരു വ്യാജ ശ്രമമാകാനാണ് സാധ്യതയെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

You may also like