Home Keralaരഞ്ജിത്തിനെതിരെ കുറ്റപത്രം; ലൈംഗികാതിക്രമ കേസിൽ തെളിവുകളുണ്ടെന്ന് അന്വേഷണസംഘം

രഞ്ജിത്തിനെതിരെ കുറ്റപത്രം; ലൈംഗികാതിക്രമ കേസിൽ തെളിവുകളുണ്ടെന്ന് അന്വേഷണസംഘം

by news_desk1
0 comments

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. രഞ്ജിത് കുറ്റക്കാരനാണെന്നും കേസിൽ അദ്ദേഹത്തിനെതിരെ മതിയായ തെളിവുകളുണ്ടെന്നുമാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

രഞ്ജിത്തിനെതിരെ സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും ലഭിച്ചതായി കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലായിരുന്നു പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

സിനിമയിൽ കൂടുതൽ പ്രാധാന്യമുള്ള വേഷം നൽകാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത് ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു നടിയുടെ പരാതി. കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ അന്വേഷണസംഘം വിശദമായി പരിശോധിച്ചിരുന്നു. സംഭവം നടന്നതായി പരാതിക്കാരി ചൂണ്ടിക്കാട്ടിയ കാരവാനും പൊലീസ് പിടിച്ചെടുത്ത് പരിശോധന നടത്തിയിരുന്നു.

നിലവിൽ രഞ്ജിത്ത് ജാമ്യത്തിലാണ്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. നടിയുടെ അഭിനയത്തെ സംവിധായകൻ എന്ന നിലയിൽ വിമർശിച്ചതിലുള്ള വൈരാഗ്യത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്ന വ്യാജപരാതിയാണിതെന്നായിരുന്നു ജാമ്യാപേക്ഷയിൽ രഞ്ജിത്തിന്റെ വാദം. സമാനമായ കേസിൽ മുമ്പും രഞ്ജിത്ത് പ്രതിയായിരുന്നുവെന്നും സാഹചര്യം അനുകൂലമായതിനാലാണ് അന്ന് രക്ഷപ്പെട്ടതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.

You may also like