കൊച്ചി: അമ്മ സംഘടനയിലെ കൂട്ടരാജിക്ക് പിന്നാലെ തുറന്ന കത്തുമായി നടൻ ടിനി ടോം. അനീതികൾക്കെതിരെ ശബ്ദിച്ചതിന്റെ പേരിൽ ചിലർ തന്നെ ലക്ഷ്യമിട്ടുവെന്ന് ആരോപിച്ച ടിനി ടോം, ഇനി സംഘടനയിൽ സാധാരണ അംഗമായി തുടരുമെന്നും വ്യക്തമാക്കി.
തനിക്കെതിരായ ആരോപണങ്ങളിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതെ തള്ളിക്കളയുകയും ക്ലീൻ ചിറ്റ് നൽകുകയും ചെയ്തതായി ടിനി ടോം പറഞ്ഞു. എന്നാൽ ഇക്കാര്യം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ താൻ ശ്രമിച്ചില്ലെന്നും എല്ലാം ദൈവത്തിനും നീതിക്കും വിട്ടുകൊടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“അമ്മയിൽ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും വലിയ ഭൂരിപക്ഷത്തിൽ എന്നെ വിജയിപ്പിച്ച എല്ലാവരോടും നന്ദിയുണ്ട്. 2018 മുതൽ ഇന്നലെ വരെ അമ്മയുടെ എക്സിക്യൂട്ടീവിൽ മോഹൻലാലിന്റെ നേതൃത്വത്തിലും പിന്നീട് ശ്വേത മേനോന്റെ നേതൃത്വത്തിലും സത്യസന്ധമായി പ്രവർത്തിക്കാൻ കഴിഞ്ഞു. അനീതികൾക്കെതിരെ ശബ്ദിച്ചതിന്റെ പേരിലാണ് ഞാൻ ടാർഗറ്റ് ചെയ്യപ്പെട്ടത്. സത്യമേ ജയിക്കൂ എന്നത് തെളിഞ്ഞു. ആരോടും പറയാതെ ഇറങ്ങിപ്പോയതിൽ ക്ഷമ ചോദിക്കുന്നു. എന്നാൽ നിങ്ങളുടെ വിളികളെ അവഗണിക്കില്ല. എനിക്ക് കഴിയുന്ന വിധത്തിൽ നിങ്ങളോടൊപ്പം തുടരും,” ടിനി ടോം കത്തിൽ പറഞ്ഞു.
അതേസമയം, അമ്മ സംഘടനയുടെ അംഗത്വത്തിൽ നിന്ന് രാജിവെച്ച് നടി ലക്ഷ്മിപ്രിയയും രംഗത്തെത്തി. വൈകാരികമായ കുറിപ്പിലൂടെയാണ് രാജി അറിയിച്ചത്. പെൻഷനും ഇൻഷുറൻസും അനുശോചനവും ഒന്നും തനിക്ക് വേണ്ടെന്നും, മുതിർന്ന അംഗങ്ങളായ കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവർ ജീവിച്ചിരിക്കുമ്പോൾ താൻ മരിക്കുകയാണെങ്കിൽ തന്റെ മൃതദേഹം കാണാൻ പോലും ആരും വരരുതെന്നും ലക്ഷ്മിപ്രിയ കുറിച്ചു. തന്നെ സ്നേഹിക്കുന്ന ചിലർ ഒഴികെ മറ്റാരും തന്റെ വീട്ടിൽ വരരുതെന്നും അവർ വ്യക്തമാക്കി.
ഇന്നലെയാണ് അമ്മ ഭരണസമിതി കൂട്ടരാജി പ്രഖ്യാപിച്ചത്. ഭരണസമിതിയിലെ 17 പേരും രാജിവെച്ചതോടെ കാലാവധി പൂർത്തിയാകാൻ രണ്ട് വർഷം ബാക്കിയിരിക്കെ പുതിയ പ്രതിസന്ധി ഉടലെടുത്തു. ജോയിന്റ് സെക്രട്ടറിയായ അൻസിബ ഹസനും നേരത്തെ രാജിവെച്ചിരുന്നു.
തുടർന്ന് ഒമ്പതംഗ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. രമേഷ് പിഷാരടി കൺവീനറായ കമ്മിറ്റിയിൽ കെ.ബി. ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, സാദിഖ്, ഡോ. റോണി, കൃഷ്ണ പ്രഭ, ആശാ അരവിന്ദ്, ഷാജോൺ, ദേവി ചന്ദന എന്നിവർ അംഗങ്ങളാണ്. നാല് മാസത്തേക്ക് അഡ്ഹോക്ക് കമ്മിറ്റി സംഘടനയുടെ ചുമതല വഹിക്കും. സ്ഥിരം സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് പിന്നീട് നടത്തും. തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുന്നത് അഡ്ഹോക്ക് കമ്മിറ്റിയായിരിക്കും. നടൻ ജഗദീഷാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തിയത്.

