കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ ആറു പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാൻ മാറ്റി. സുനിൽ കുമാർ, മാർട്ടിൻ, വിജീഷ്, വടിവാൾ സലീം ഉൾപ്പെടെയുള്ള പ്രതികളാണ് കോടതിയെ സമീപിച്ചത്.
കേസിൽ വാദം നടത്താൻ കൂടുതൽ സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തെ തുടർന്നാണ് കേസ് മാറ്റിയത്. കേസിൽ പ്രത്യേക കോടതി പ്രതികൾക്ക് 20 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
അതേസമയം, കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിചാരണക്കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അനധികൃതമായി പരിശോധിക്കപ്പെട്ട സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
കേസ് അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും അതിന്റെ എല്ലാ വശങ്ങളും പരിശോധിക്കണമെന്നും അതിജീവിത ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ മുഖേനയാണ് ഹൈക്കോടതിയെ സമീപിച്ചത്.
മെമ്മറി കാർഡ് ചോർച്ചയുമായി ബന്ധപ്പെട്ട് നടന്ന മുൻ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ തൃപ്തികരമല്ലെന്നാണ് അതിജീവിതയുടെ നിലപാട്. നീതിപൂർവമായ വിചാരണ ഉറപ്പാക്കാൻ കോടതിയുടെ മേൽനോട്ടത്തിൽ പുതിയ അന്വേഷണസംഘം രൂപീകരിച്ച് പുനരന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
2024-ൽ അന്നത്തെ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പ്രധാന ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങൾ ലഭിച്ചില്ലെന്നാണ് ഹർജിയിലെ വാദം. മൂന്ന് കോടതികളിലായി നാല് തവണ മെമ്മറി കാർഡിൽ അനധികൃത പരിശോധന നടന്നതായി കണ്ടെത്തിയിരുന്നു.
ജില്ലാ കോടതിയിലെ ക്ലർക്കിന്റെ കൈവശം മെമ്മറി കാർഡ് അഞ്ച് മാസത്തോളം ഉണ്ടായിരുന്നുവെന്നും, പരിശോധനയ്ക്ക് ഉപയോഗിച്ച ഫോൺ നശിപ്പിച്ചെന്ന മൊഴിയുണ്ടായിട്ടും തുടർ അന്വേഷണം ശുപാർശ ചെയ്തില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പ്രത്യേക കോടതിയിലെ ജീവനക്കാരനും അനധികൃത പരിശോധന നടത്തിയതായി സമ്മതിച്ചിരുന്നു.
മെമ്മറി കാർഡ് പരിശോധിച്ചതിന്റെ ഉദ്ദേശ്യം, അതിന് പിന്നിലെ സാധ്യതയുള്ള നേട്ടങ്ങൾ എന്നിവ സംബന്ധിച്ച് വിശദമായ അന്വേഷണം നടന്നില്ലെന്നും സൈബർ വിദഗ്ധരുടെ സേവനം അന്വേഷണത്തിൽ ഉപയോഗിച്ചില്ലെന്നും അതിജീവിത ആരോപിക്കുന്നു. റിപ്പോർട്ടിലെ കണ്ടെത്തലുകളും സാക്ഷിമൊഴികളും തമ്മിൽ വൈരുദ്ധ്യങ്ങളുണ്ടെന്നും അതിനാൽ നിലവിലെ റിപ്പോർട്ട് റദ്ദാക്കി സൈബർ, ഫോറൻസിക് വിദഗ്ധരെ ഉൾപ്പെടുത്തി പുതിയ അന്വേഷണസംഘത്തെ നിയോഗിക്കണമെന്നുമാണ് ആവശ്യം.

