ബെംഗളൂരു: ഇന്ധനവില വർധനയും വർധിച്ച പ്രവർത്തനച്ചെലവും പശ്ചാത്തലമാക്കി കർണാടകയിൽ കെഎസ്ആർടിസി ബസ് നിരക്ക് വർധിപ്പിക്കുന്നത് സർക്കാർ പരിഗണനയിൽ. പൊതുജനങ്ങളുടെ താത്പര്യം മുൻനിർത്തിയാകും അന്തിമ തീരുമാനമെടുക്കുകയെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യ ഡിപ്പോകളും കോർപ്പറേഷൻ ഡിപ്പോകളും തമ്മിലുള്ള ഡീസൽ വിലയിലെ വ്യത്യാസം ഏകദേശം 40 രൂപയോളമാണെന്നും ഇത് ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. ഡീസൽ വില ഉയരുമ്പോൾ ടിക്കറ്റ് നിരക്കും പുനഃപരിശോധിക്കേണ്ട സാഹചര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീകൾക്ക് സർക്കാർ സബ്സിഡിയോടെ സൗജന്യ യാത്ര അനുവദിക്കുന്ന ‘ശക്തി’ പദ്ധതിയും വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര നൽകുന്ന പദ്ധതികളും കെഎസ്ആർടിസിക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുഗതാഗത സംവിധാനങ്ങൾ നിലനിൽക്കേണ്ടത് അനിവാര്യമാണെന്നും ഇന്ധനം ലാഭിക്കുന്നതിനായി പൊതുഗതാഗതം ഉപയോഗിക്കണമെന്ന കേന്ദ്രത്തിന്റെ നിർദ്ദേശവും അദ്ദേഹം ഓർമ്മിപ്പിച്ചു.
കഴിഞ്ഞ വർഷം ജനുവരിയിലും പ്രവർത്തനച്ചെലവ് വർധിച്ചതിനെ തുടർന്ന് കർണാടക സർക്കാർ ബസ് നിരക്കിൽ 15 ശതമാനം വർധനവ് വരുത്തിയിരുന്നു. അഞ്ച് വർഷമായി നിരക്ക് പുതുക്കാത്തതും ഡീസൽ ചെലവ് പ്രതിദിനം 9.16 കോടി രൂപയിൽ നിന്ന് 13.21 കോടി രൂപയായി ഉയർന്നതും ജീവനക്കാരുടെ ശമ്പള പരിഷ്കരണവും അന്നത്തെ വർധനവിന് കാരണമായി സർക്കാർ വ്യക്തമാക്കിയിരുന്നു.
2023 ജൂൺ 11ന് ആരംഭിച്ച ശക്തി പദ്ധതി നടപ്പാക്കുന്നതിനായി കർണാടക സർക്കാർ 8,800 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അതേസമയം നിരക്ക് വർധന സംബന്ധിച്ച അന്തിമ തീരുമാനം പൊതുജനങ്ങളുടെ താത്പര്യം കൂടി പരിഗണിച്ച ശേഷമായിരിക്കും സർക്കാർ സ്വീകരിക്കുക.

