തിരുവനന്തപുരം: ക്ഷേമ പെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. പെൻഷൻ മുടങ്ങാതെ വിതരണം ചെയ്യാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുമെന്നും 3,000 രൂപയാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം വൈകാതെ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
1,600 രൂപയിൽ നിന്ന് 2,000 രൂപയാക്കാൻ മുൻ എൽഡിഎഫ് സർക്കാർ എടുത്ത നാലേമുക്കാൽ വർഷത്തെ കാലതാമസം ഈ സർക്കാരിന്റെ കാലത്ത് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ മാസത്തെ ക്ഷേമ പെൻഷൻ ജൂൺ 24 മുതൽ വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, അനർഹരായ ചിലർ പെൻഷൻ കൈപ്പറ്റുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശത്ത് താമസിക്കുന്ന ഒരാളുടെ പരാതിയെ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയതോടെയാണ് ഇക്കാര്യം സഭയിൽ പരാമർശിച്ചത്.
ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. വിദേശത്ത് താമസിക്കുന്ന വ്യക്തി പെൻഷൻ വാങ്ങുന്ന അമ്മയുടെ മകനാകാമെന്നും അമ്മ മകന്റെ സംരക്ഷണത്തിലായിരിക്കണമെന്നില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിച്ചു. മകൻ വിദേശത്ത് കഴിയുന്നതിനാൽ അത് മാത്രം അയോഗ്യതയായി കണക്കാക്കുന്നത് ശരിയാകുമോയെന്നും അദ്ദേഹം ചോദിച്ചു.
ഇതിന് മറുപടിയായി, സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബങ്ങളിൽ ചിലർക്ക് പെൻഷൻ ലഭിക്കുമ്പോൾ യഥാർത്ഥത്തിൽ അർഹരായ ചിലർക്ക് അത് ലഭിക്കാതെ പോകുന്ന സാഹചര്യം ഗൗരവമായി കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പെൻഷൻ അനുവദിച്ച സമയത്ത് അർഹരായിരുന്നവരുടെ സാമ്പത്തിക സാഹചര്യത്തിൽ പിന്നീട് മാറ്റം വന്നിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
എസി പോലുള്ള സൗകര്യങ്ങൾ ഉള്ളതുകൊണ്ട് മാത്രം ആരെയും ഒഴിവാക്കില്ലെന്നും അർഹരായ എല്ലാവരെയും ക്ഷേമ പദ്ധതികളുടെ പരിധിയിൽ ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്ത്രീസുരക്ഷാ പെൻഷൻ സാമൂഹിക സുരക്ഷാ പെൻഷന്റെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സർക്കാർ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആരംഭിച്ച പദ്ധതിയാണിത്. സ്ത്രീസുരക്ഷാ പെൻഷനെ സംബന്ധിച്ച് നിലവിലെ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും തീരുമാനം എടുത്ത ശേഷം അറിയിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

