തിരുവനന്തപുരം: ഇന്ന് (ജൂൺ 22) ഉച്ചയ്ക്ക് പ്രഖ്യാപിക്കാനിരുന്ന ഈ വർഷത്തെ കീം (KEAM 2026) പ്രവേശന പരീക്ഷാ ഫലം മാറ്റിവെച്ചു. സി.ബി.എസ്.ഇ പ്ലസ് ടു പുനർമൂല്യനിർണ്ണയത്തിന്റെ പുതിയ മാർക്ക് വിവരങ്ങൾ കൂടി പരിഗണിച്ച ശേഷം റാങ്ക് ലിസ്റ്റ് പുനഃക്രമീകരിച്ച് മാത്രമായിരിക്കും പുതിയ ഫലപ്രഖ്യാപനം നടത്തുകയെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
സി.ബി.എസ്.ഇ പ്ലസ് ടു പുനർമൂല്യനിർണ്ണയ ഫലം ഇന്നലെ രാത്രിയോടെയാണ് പ്രസിദ്ധീകരിച്ചത്. ഇതിനെ തുടർന്ന് പുതിയ മാർക്ക് വിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും സർക്കാരിനെ സമീപിച്ചിരുന്നു.
ഒരു വിദ്യാർത്ഥിക്കും അവസരം നഷ്ടമാകരുത്: മന്ത്രി
വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ കണക്കിലെടുത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ വിഷയത്തിൽ ഇടപെട്ടു. സി.ബി.എസ്.ഇ പുനർമൂല്യനിർണ്ണയ ഫലം വൈകിയാണ് വന്നതെന്നതിനാൽ വിദ്യാർത്ഥികൾക്ക് മാർക്ക് അപ്ലോഡ് ചെയ്യാൻ ആവശ്യമായ സമയം ലഭിച്ചിട്ടില്ലെന്നും എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും പ്രവേശന നടപടികളിൽ തുല്യ അവസരം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
അതിന്റെ ഭാഗമായി മാർക്ക് സമർപ്പിക്കാനുള്ള തീയതി നീട്ടുന്നതുൾപ്പെടെയുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
മാർക്ക് അപ്ലോഡ് ചെയ്യുന്നതിനുള്ള പുതുക്കിയ തീയതിയും സമയക്രമവും പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഉടൻ പ്രസിദ്ധീകരിക്കും. എല്ലാ വിദ്യാർത്ഥികളുടെയും പ്ലസ് ടു മാർക്കുകൾ ക്രോഡീകരിച്ച ശേഷമുള്ള പുതിയ റാങ്ക് ലിസ്റ്റ് പ്രഖ്യാപന തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.

