തൃശൂർ: അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലക്ഷങ്ങളുടെ എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിൽ. കോട്ടയം പൊൻകുന്നം പുതുപറമ്പിൽ എലിസബത്ത് (25), ഈരാറ്റുപേട്ട അരുവിച്ചിറ കടുവാമുഴി ഷാഹുൽ സുനീർ (29) എന്നിവരാണ് വടക്കഞ്ചേരി പോലീസിന്റെ പിടിയിലായത്.
ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപത്തുവച്ചാണ് ഇവരെ പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് ഇരുവരും വ്യത്യസ്ത ട്രാവൽസ് ബസുകളിലായി കോട്ടയത്തേക്ക് വരികയായിരുന്നു. പന്നിയങ്കരയിൽ ബസിൽ നിന്ന് ഇറങ്ങിയ ശേഷം മറ്റൊരു ബസിൽ ഒരുമിച്ച് യാത്ര ചെയ്യാൻ കാത്തുനിൽക്കുന്നതിനിടെയാണ് പോലീസ് പരിശോധനയിൽ കുടുങ്ങിയത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ഷാഹുലിന്റെ പാന്റ്‌സിന്റെ പോക്കറ്റിൽ നിന്ന് 44.089 ഗ്രാം എംഡിഎംഎയും എലിസബത്തിന്റെ അടിവസ്ത്രത്തിൽ നിന്ന് 21.164 ഗ്രാം എംഡിഎംഎയും കണ്ടെത്തി. ബെംഗളൂരുവിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്ന് സുഹൃത്തുക്കളായ ഇരുവരും പോലീസിനോട് സമ്മതിച്ചു.
അന്തർസംസ്ഥാന ലഹരി കടത്ത് സംഘവുമായി ഇവർക്ക് ബന്ധമുണ്ടെന്ന സംശയത്തിലാണ് പോലീസ്. ഇവരുടെ പേരിൽ മറ്റ് കേസുകളില്ലെന്നാണ് നിലവിലെ വിവരം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വടക്കഞ്ചേരി സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡാൻസാഫ് സ്ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

