തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ രൂക്ഷമായ വാദപ്രതിവാദം. പദ്ധതി സംബന്ധിച്ച ചർച്ചയ്ക്കിടെയാണ് ഇരുവരും തമ്മിൽ വാക്പോര് ഉണ്ടായത്.
“പിന്‍വലിക്കാനാണോ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്?” എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ഇതിന് മറുപടിയായി പിണറായി വിജയൻ രംഗത്തെത്തി.
ആർഎസ്എസിന്റെ വിഷസർപ്പങ്ങൾക്ക് മുന്നിൽ വിളക്ക് കൊളുത്തിയത് ഇടത് സർക്കാരാണെന്ന് വി.ഡി. സതീശൻ ആരോപിച്ചു. എന്നാൽ നിലവിൽ പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലായിട്ടില്ലെന്നും പദ്ധതി മുന്നോട്ടുകൊണ്ടുപോകാത്തതാണ് യാഥാർഥ്യമെന്നും പിണറായി വിജയൻ മറുപടി നൽകി.
“പിഎം ശ്രീ നടപ്പാക്കേണ്ടതില്ലെന്നത് നയപരമായ തീരുമാനമായിരുന്നു. ഞങ്ങൾ പദ്ധതി നടപ്പിലാക്കിയില്ല. എന്നാൽ ഇപ്പോഴത്തെ സർക്കാർ അത് നടപ്പാക്കാൻ ശ്രമിക്കുകയാണ്. എസ്.എസ്.കെ ഫണ്ട് തടഞ്ഞതിനെ തുടർന്നാണ് അന്ന് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്,” എന്നും പിണറായി വിജയൻ പറഞ്ഞു.
എസ്.എസ്.കെ ഫണ്ട് തടഞ്ഞ സാഹചര്യത്തിലാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചതെന്ന വിശദീകരണത്തിന് പിന്നാലെ ഭരണപക്ഷ അംഗങ്ങൾ പരിഹാസവുമായി രംഗത്തെത്തി.
ദേശീയ വിദ്യാഭ്യാസ നയം (NEP) കേരളത്തിൽ നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. “ഇത്തരത്തിലുള്ള ആളുകളെ മുന്നിൽ നിർത്തിയാൽ നിങ്ങൾ തന്നെയാണ് പ്രതിസന്ധിയിലാകുക,” എന്നും അദ്ദേഹം തിരിച്ചടിച്ചു.
പിഎം ശ്രീ പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ തർക്കം നിയമസഭയിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

