അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ വ്യോമാതിർത്തിയിൽ പ്രവേശിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഡൽഹിയിൽ നിന്ന് അമൃത്സറിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യയുടെ AI479 വിമാനമാണ് ജൂൺ 22-ന് ഏതാനും നിമിഷങ്ങൾ പാകിസ്താൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചത്.
അമൃത്സർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയുണ്ടായ ‘ഗോ-അറൗണ്ട്’ (Go-Around) നടപടിക്കിടെയായിരുന്നു വിമാനം അതിർത്തി കടന്നതെന്ന് എയർ ഇന്ത്യ ബുധനാഴ്ച സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (DGCA) അറിയിച്ചിട്ടുണ്ടെന്നും ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും കമ്പനി വ്യക്തമാക്കി.
“ജൂൺ 22-ന് ഡൽഹിയിൽ നിന്ന് അമൃത്സറിലേക്ക് സർവീസ് നടത്തിയ AI479 വിമാനത്തിന്റെ ജീവനക്കാർ ഗോ-അറൗണ്ട് നടപടിക്കിടെ പാകിസ്താൻ വ്യോമാതിർത്തിയിൽ നേരിയ തോതിൽ പ്രവേശിച്ചു” എന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം.
അട്ടാരി അതിർത്തിക്ക് സമീപം അന്താരാഷ്ട്ര അതിർത്തി മറികടന്ന് രണ്ട് മിനിറ്റിൽ താഴെ സമയത്തേക്ക് വിമാനം പാകിസ്താൻ വ്യോമാതിർത്തിക്കുള്ളിൽ ഉണ്ടായിരുന്നുവെന്നാണ് ഫ്ലൈറ്റ് ട്രാക്കിംഗ് വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അമൃത്സർ വിമാനത്താവളത്തിൽ കനത്ത തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്നാണ് സാഹചര്യമുണ്ടായതെന്നാണ് അധികൃതരുടെ വിശദീകരണം. നിരവധി വിമാനങ്ങൾക്ക് ലാൻഡിംഗിന് മുമ്പ് ആകാശത്ത് ചുറ്റിക്കറങ്ങാനുള്ള നിർദേശം നൽകിയിരുന്നു. ഇതിനിടെ AI479 വിമാനവും സുരക്ഷാ നടപടിയുടെ ഭാഗമായി ലാൻഡിംഗ് ശ്രമം ഉപേക്ഷിച്ച് ഗോ-അറൗണ്ട് നടത്തുകയായിരുന്നു. അപ്പോഴാണ് വിമാനം ഏതാനും നിമിഷങ്ങൾ പാകിസ്താൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചത്. പിന്നീട് ഉടൻ തന്നെ ഇന്ത്യൻ വ്യോമാതിർത്തിയിലേക്ക് തിരിച്ചെത്തിയതായും അധികൃതർ അറിയിച്ചു.
വിമാനത്താവളത്തിലെ തിരക്ക് തുടരുന്നതിനാൽ പിന്നീട് വിമാനം ബദൽ വിമാനത്താവളമായ ഡൽഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു. അമൃത്സറിന് മുകളിലൂടെ കുറച്ചുസമയം വട്ടമിട്ട് പറന്ന ശേഷമാണ് വിമാനം ഡൽഹിയിലേക്ക് മടങ്ങിയത്. ഡൽഹിയിൽ ഇന്ധനം നിറച്ച ശേഷം അന്നേ ദിവസം വൈകുന്നേരം വിമാനം വീണ്ടും അമൃത്സറിലേക്ക് സർവീസ് നടത്തിയതായും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
നേരത്തെ ജൂൺ 12-ന് ലാഹോറിൽ നിന്ന് ദുബായിലേക്ക് സർവീസ് നടത്തിയ ഫ്ലൈ ജിന്നാ 9P514 വിമാനവും പ്രതികൂല കാലാവസ്ഥ ഒഴിവാക്കുന്നതിനായി റൂട്ട് മാറ്റുന്നതിനിടെ ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചിരുന്നു. കാലാവസ്ഥ അനുകൂലമായതോടെ വിമാനം വീണ്ടും പാകിസ്താൻ വ്യോമാതിർത്തിയിലേക്ക് മടങ്ങിയിരുന്നു. എയർ ഇന്ത്യ വിമാനത്തിന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ ഈ സംഭവവും സുരക്ഷാ ഭീഷണിയുമായി ബന്ധപ്പെട്ടതല്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

