ദില്ലി: അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ ആരോപണവിധേയനായ വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ ചമ്പത് റായി രാജിവച്ചു. രാമക്ഷേത്ര ട്രസ്റ്റ് അംഗം അനിൽ മിശ്രയും രാജി സമർപ്പിച്ചു.
കടുത്ത സമ്മർദത്തെ തുടർന്ന് ചമ്പത് റായിക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് രാജി. വിവാദം ശക്തമായതിനെ തുടർന്ന് അയോധ്യ ക്ഷേത്രത്തിന്റെ ഭരണ ചുമതല ജില്ലാ മജിസ്ട്രേറ്റിന് കൈമാറുകയും ചെയ്തിരുന്നു.
അതേസമയം, ചമ്പത് റായിക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്ന വിമർശനം ശക്തമാവുകയാണ്. വിശ്വസ്തർ അറസ്റ്റിലായിട്ടും ചമ്പത് റായിക്കെതിരെ നടപടി സ്വീകരിക്കാത്തത് ഉന്നത രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സംഭവത്തിലെ സത്യം പുറത്തുവരുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു.
അയോധ്യ സംഭാവന തട്ടിപ്പ് കേസിൽ ചമ്പത് റായിയുടെ വിശ്വസ്തനും ഡ്രൈവറുമായ ടിനു യാദവ് ഉൾപ്പെടെ എട്ട് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.
കാണിക്കപ്പെട്ടികളുടെയും പണം എണ്ണുന്ന മുറിയുടെയും ചുമതല ടിനു യാദവിനായിരുന്നു. ഇയാളുടെ വീട്ടിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങളും കണ്ടെത്തിയിരുന്നു. ചമ്പത് റായിയിലേക്കുള്ള പ്രധാന കണ്ണിയായിരുന്നിട്ടും ടിനുവിനെ ഇതുവരെ റായിയുടെ പങ്കിനെക്കുറിച്ച് വിശദമായി ചോദ്യം ചെയ്തിട്ടില്ലെന്നാണ് വിവരം.
ക്ഷേത്രത്തിലേക്ക് കോടിക്കണക്കിന് രൂപയും ആഭരണങ്ങളും ചമ്പത് റായി മുഖേനയാണ് സംഭാവന നൽകിയതെന്ന് ചില വ്യവസായികളും മൊഴി നൽകിയിട്ടുണ്ട്.
വിഎച്ച്പിക്കുള്ളിലും ചമ്പത് റായിക്കെതിരെ അതൃപ്തി ഉയരുന്നുണ്ട്. കർസേവകരുടെ സംഘടനയായ ധർമ്മസേന, ചമ്പത് റായിക്കെതിരെ നടപടി വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഏത് അന്വേഷണത്തോടും ചമ്പത് റായി സഹകരിക്കുമെന്നും, കേസെടുത്ത് അന്വേഷിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് അദ്ദേഹമായിരുന്നുവെന്നും വിഎച്ച്പി നേതാവ് അലോക് കുമാർ പ്രതികരിച്ചു.
വിമർശനങ്ങൾ ശക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രതികരിച്ചു. എസ്ഐടി അന്വേഷണ റിപ്പോർട്ട് ലഭിച്ചതോടെ നടപടികൾ ആരംഭിച്ചെന്നും അടിസ്ഥാനരഹിത പ്രചാരണം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാണിക്ക എണ്ണിയവർ സ്ഥിരമായി പണം കടത്തിയിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായതായി എസ്ഐടി സൂചിപ്പിച്ചു. ശിവസേന നേതാവ് ഉദ്ധവ് താക്കറെ നൽകിയ നാല് കിലോ വെള്ളിക്കട്ടിയും കാണാതായതായും ഇതുവരെ അതിന് രസീത് നൽകിയിട്ടില്ലെന്നും മുതിർന്ന നേതാവ് സഞ്ജയ് റാവത്ത് ആരോപിച്ചു.

