Home Local20 നായ്ക്കളെ കാവലാക്കി ; മേഘാലയയിൽ നിന്ന് കഞ്ചാവ് പാഴ്സൽ അയച്ച കേസിൽ 19കാരൻ എക്സൈസിന്റെ പിടിയിൽ

20 നായ്ക്കളെ കാവലാക്കി ; മേഘാലയയിൽ നിന്ന് കഞ്ചാവ് പാഴ്സൽ അയച്ച കേസിൽ 19കാരൻ എക്സൈസിന്റെ പിടിയിൽ

by news_desk1
0 comments

പാലക്കാട്: പോസ്റ്റ് ഓഫീസ് പാഴ്സൽ വഴി മേഘാലയയിൽ നിന്ന് സുഹൃത്തുക്കളുടെ പേരിൽ കഞ്ചാവ് കടത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. 20 ഓളം നായ്ക്കളുടെ കാവലിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ സാഹസികമായാണ് എക്സൈസ് സംഘം പിടികൂടിയത്. പാലക്കാട് കൊല്ലങ്കോട് സ്വദേശി ജിജിറ്റ് (19) ആണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ഫെബ്രുവരി നാലിനാണ് കൊല്ലങ്കോട് പോസ്റ്റ് ഓഫീസിലേക്ക് മേഘാലയയിൽ നിന്ന് കഞ്ചാവ് പാഴ്സലായി എത്തിയത്. കേസിൽ കൊല്ലങ്കോട് സ്വദേശികളായ ആർ. സഞ്ജയെയും സഹോദരൻ ആർ. രാഹുലിനെയും എക്സൈസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ജിജിറ്റാണ് അവരുടെ പേരിൽ കഞ്ചാവ് ഓർഡർ ചെയ്ത് കേരളത്തിലേക്ക് എത്തിച്ചതെന്ന് മൊഴി ലഭിച്ചത്. പാഴ്സൽ പിടിക്കപ്പെട്ടതിന് പിന്നാലെ ജിജിറ്റ് കഴിഞ്ഞ നാലര മാസമായി ഒളിവിലായിരുന്നു.

പുത്തൂരിലെ വാടകവീട്ടിലാണ് പ്രതി ഒളിവിൽ കഴിയുന്നതെന്ന വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് സംഘം പരിശോധന നടത്തി. ഉദ്യോഗസ്ഥർ എത്തിയതോടെ വീട്ടിലുണ്ടായിരുന്നവർ 20 ഓളം നായ്ക്കളെ അഴിച്ചുവിട്ട് പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചു.

വീടിന് ചുറ്റും നായ്ക്കളെ നിർത്തി എക്സൈസ് സംഘത്തെ തടയാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ സാഹസികമായി വീടിനുള്ളിൽ പ്രവേശിച്ചു. നായ്ക്കൾക്ക് ബിസ്‌ക്കറ്റ് നൽകി അവയെ ശാന്തമാക്കിയ ശേഷമാണ് പ്രതിയെ എക്സൈസ് സംഘം പിടികൂടിയത്.

You may also like