Home Keralaആറ്റുകാലിലെ യുവതിയുടെ മരണം; ഭർത്താവ് അറസ്റ്റിൽ, ശരീരത്തിൽ 13 മുറിവുകളെന്ന് കണ്ടെത്തൽ

ആറ്റുകാലിലെ യുവതിയുടെ മരണം; ഭർത്താവ് അറസ്റ്റിൽ, ശരീരത്തിൽ 13 മുറിവുകളെന്ന് കണ്ടെത്തൽ

by news_desk1
0 comments

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റുകാലിൽ 27കാരിയായ ആരതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണയും ഗാർഹിക പീഡനവും ചുമത്തിയാണ് അറസ്റ്റ്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതുലിനെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഭർത്താവിന്റെ തുടർച്ചയായ പീഡനമാണ് ആരതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇൻക്വസ്റ്റിൽ യുവതിയുടെ ശരീരത്തിൽ 13 മുറിവുകളും മർദനമേറ്റതിന്റെ അടയാളങ്ങളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

ഒന്നര വർഷം മുമ്പായിരുന്നു ആരതിയുടെയും അതുലിന്റെയും വിവാഹം. ഇരുവരും വർക്കലയിൽ വാടകവീട്ടിലായിരുന്നു താമസം. അതേ വീട്ടിലാണ് ആരതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതൽ ഭർതൃപീഡനം നേരിട്ടിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ശാരീരികമായി ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങൾ ആരതി അമ്മയ്ക്ക് അയച്ചുനൽകിയിരുന്നുവെന്നും കുടുംബം പറയുന്നു.

ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് ബന്ധുക്കളും പ്രദേശവാസികളും പറയുന്നത്. വിവാഹസമയത്ത് നൽകിയ 50 പവൻ സ്വർണം അതുൽ പലഘട്ടങ്ങളിലായി പണയംവെക്കുകയും പിന്നീട് എട്ട് ലക്ഷം രൂപയ്ക്ക് വിറ്റ് കാർ വാങ്ങുകയും ചെയ്തിരുന്നുവെന്നാണ് ആരോപണം. ഇതും പിന്നീട് പണം ആവശ്യപ്പെട്ടുള്ള സമ്മർദവും ഇരുവരും തമ്മിലുള്ള തർക്കങ്ങൾക്ക് കാരണമായിരുന്നുവെന്നും കുടുംബം ആരോപിച്ചു.

You may also like