കോഴിക്കോട്: മാവൂർ പഞ്ചായത്ത് ഓഫീസിൽ രണ്ട് വർഷമായി ഒളിക്യാമറ പ്രവർത്തിച്ചിരുന്നുവെന്ന ആരോപണം വിവാദമായി. സംഭവത്തെ തുടർന്ന് ക്യാമറ അഴിച്ചുമാറ്റി. വിഷയത്തിൽ എൽഡിഎഫ് അംഗങ്ങൾ പൊലീസിൽ പരാതി നൽകി. ക്യാമറ സ്ഥാപിച്ച താത്കാലിക ജീവനക്കാരനെ പുറത്താക്കണമെന്നാണ് ഇവരുടെ ആവശ്യം.
പഞ്ചായത്തിലെ താത്കാലിക ടെക്‌നിക്കൽ അസിസ്റ്റന്റാണ് ഒളിക്യാമറ സ്ഥാപിച്ചതെന്നാണ് ആരോപണം. ഓഫീസിലെ ദൃശ്യങ്ങൾ കഴിഞ്ഞ രണ്ട് വർഷമായി ഇയാളുടെ മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്നുവെന്നും പരാതിയിൽ പറയുന്നു.
പഞ്ചായത്തിലെ വനിതാ ജീവനക്കാരാണ് ഒളിക്യാമറ കണ്ടെത്തിയത്. ഓഫീസിൽ കൂടുതൽ ഒളിക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടാകാമെന്ന സംശയവും എൽഡിഎഫ് അംഗങ്ങൾ ഉന്നയിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കണമെന്ന ആവശ്യവും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

