Home Nationalസ്വയം വിമാനം പറത്തി കൊച്ചിയിലെത്തി രാജീവ് പ്രതാപ് റൂഡി; പാർലമെന്റ് സ്ഥിരസമിതി കേരളത്തിൽ

സ്വയം വിമാനം പറത്തി കൊച്ചിയിലെത്തി രാജീവ് പ്രതാപ് റൂഡി; പാർലമെന്റ് സ്ഥിരസമിതി കേരളത്തിൽ

by news_desk1
0 comments

ദില്ലി: ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട പാർലമെന്റിന്റെ സ്ഥിരസമിതി ചെയർമാൻ രാജീവ് പ്രതാപ് റൂഡി എംപി കൊച്ചിയിലെത്തിയത് സ്വയം വിമാനം പറത്തിയാണ്. ഇൻഡിഗോയുടെ ബെംഗളൂരു–കൊച്ചി സർവീസിന്റെ പൈലറ്റ് സീറ്റിലിരുന്നാണ് അദ്ദേഹം ഇന്നലെ വൈകിട്ട് കൊച്ചിയിലെത്തിയത്. ജെബി മേത്തർ എംപി ഉൾപ്പെടെ സ്ഥിരസമിതി അംഗങ്ങളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

മുൻ വ്യോമയാന മന്ത്രിയായ രാജീവ് പ്രതാപ് റൂഡി കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസുള്ള ഏക പാർലമെന്റ് അംഗമാണ്. പൈലറ്റ് ലൈസൻസ് നിലനിർത്തുന്നതിനായി അദ്ദേഹം ഇൻഡിഗോയുടെ വിമാനങ്ങൾ സ്ഥിരമായി പറത്താറുണ്ട്. എയർബസ് എ320 വിമാനങ്ങൾ പറത്തുന്നതിൽ അദ്ദേഹത്തിന് പ്രാവീണ്യമുണ്ട്.

പാർലമെന്ററി സ്ഥിരസമിതി ജൂലൈ 1 വരെ കേരളത്തിൽ തുടരും. മൂന്നാർ, ഇടുക്കി തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിക്കുന്ന സംഘം സ്വച്ഛ് ഭാരത് മിഷൻ, ജൽജീവൻ മിഷൻ എന്നിവയുടെ സംസ്ഥാനത്തെ പ്രവർത്തന പുരോഗതി വിലയിരുത്തും.

ജെബി മേത്തർ എംപിയുടെ ആവശ്യത്തെ തുടർന്ന് മുല്ലപ്പെരിയാർ വിഷയവും പാർലമെന്ററി സമിതിയുടെ അജൻഡയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുല്ലപ്പെരിയാർ വിദഗ്ധ സമിതിയിൽ നിന്ന് ഒഴിവാക്കപ്പെട്ട കേരളത്തിന്റെ പ്രതിനിധിയെ പുനഃസ്ഥാപിക്കണമെന്ന ആവശ്യവും പുതിയ അണക്കെട്ട് നിർമിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉന്നയിക്കും. രാജീവ് പ്രതാപ് റൂഡിയുടെ നേതൃത്വത്തിൽ നടക്കുന്ന പാർലമെന്ററി ഉപസമിതി യോഗത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.

You may also like