Home Keralaകാണാതായ യുവാവിനായുള്ള തെരച്ചിലിനിടെ റാഫ്റ്റിംഗ് ഉദ്ഘാടനം; ഇരുവഴിഞ്ഞി പുഴയിൽ പ്രതിഷേധം

കാണാതായ യുവാവിനായുള്ള തെരച്ചിലിനിടെ റാഫ്റ്റിംഗ് ഉദ്ഘാടനം; ഇരുവഴിഞ്ഞി പുഴയിൽ പ്രതിഷേധം

by news_desk1
0 comments

കോഴിക്കോട്: ഇരുവഴിഞ്ഞി പുഴയിൽ മലവെള്ളപ്പാച്ചിലിൽ കാണാതായ യുവാവിനായി രക്ഷാപ്രവർത്തകരും നാട്ടുകാരും തെരച്ചിൽ തുടരുന്നതിനിടെ, ഏതാനും മീറ്റർ അകലെയായി റാഫ്റ്റിംഗ് ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധം. 12-ാമത് അന്താരാഷ്ട്ര കയാക്കിംഗ് മേളയുടെ ഭാഗമായുള്ള റാഫ്റ്റിംഗ് ഉദ്ഘാടനമാണ് വിവാദമായത്.

തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ഉൾപ്പെടെയുള്ളവർ പരിപാടിക്കെതിരെ രംഗത്തെത്തി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹനാണ് ഉദ്ഘാടനം നിർവഹിച്ചത്.

കർണാടകയിൽ നിന്നുള്ള വിനോദസഞ്ചാര സംഘം മലവെള്ളപ്പാച്ചിലിൽപ്പെട്ട സംഭവത്തിൽ എല്ലാവരെയും രക്ഷപ്പെടുത്തിയെങ്കിലും, രക്ഷാപ്രവർത്തനത്തിനിടെ പുഴയിലേക്ക് ചാടിയ ഗൈഡ് ഷിബിലിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. യുവാവിനായുള്ള തെരച്ചിൽ നടക്കുന്നതിനിടെ സമീപത്ത് ഉദ്ഘാടന ചടങ്ങ് നടത്തിയത് അനുചിതമായിരുന്നുവെന്ന് ജിതിൻ പല്ലാട്ട് പറഞ്ഞു. ചടങ്ങിൽ അധ്യക്ഷത വഹിക്കേണ്ടത് അദ്ദേഹമായിരുന്നു.

അപകടത്തിന്റെ പശ്ചാത്തലത്തിൽ സംഘാടക സമിതി കൺവീനർമാരുമായി ചർച്ച നടത്തി പരിപാടി മാറ്റിവെക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അത് നടപ്പായില്ലെന്നാണ് വിവരം. ഒരു ജീവനുവേണ്ടി നാടൊട്ടാകെ പ്രാർഥനയോടെ കാത്തിരിക്കുമ്പോൾ ഉദ്ഘാടനം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിരുന്നെങ്കിൽ യാതൊരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ലെന്ന് നാട്ടുകാർ പ്രതികരിച്ചു.

You may also like