Home Kerala‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവേട്ട ശക്തം; പ്രധാന ഉറവിടം ബെംഗളൂരു, വിവിധ സംസ്ഥാന ഡിജിപിമാരുടെ യോഗം ജൂലൈ രണ്ടാം വാരത്തിൽ

‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവേട്ട ശക്തം; പ്രധാന ഉറവിടം ബെംഗളൂരു, വിവിധ സംസ്ഥാന ഡിജിപിമാരുടെ യോഗം ജൂലൈ രണ്ടാം വാരത്തിൽ

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ വേട്ടയുടെ ഭാഗമായി മയക്കുമരുന്നിന്റെ പ്രധാന ഉറവിടം ബെംഗളൂരുവാണെന്ന് സംസ്ഥാന പൊലീസ് കണ്ടെത്തിയതായി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ അറിയിച്ചു. ലഹരിക്കടത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി വിവിധ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ പ്രത്യേക യോഗം ജൂലൈ രണ്ടാം വാരത്തിൽ ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലഹരി മാഫിയയുടെ അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും മയക്കുമരുന്ന് ശൃംഖലയെ തകർക്കാൻ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കടത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി മറ്റ് സംസ്ഥാനങ്ങളുമായി ഏകോപനം ശക്തമാക്കിയിട്ടുണ്ടെന്നും തുടർ അന്വേഷണം ഊർജിതമായി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാന കേന്ദ്രം ബെംഗളൂരു

ലഹരിക്കടത്തിന്റെ പ്രധാന കേന്ദ്രം ബെംഗളൂരുവാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. മസ്കറ്റിൽ നിന്ന് എത്തിയവരും ലഹരി കടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും ആന്ധ്ര–ഒറീസ അതിർത്തി പ്രദേശങ്ങളിൽ നിന്നാണ് കഞ്ചാവ് എത്തുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് പൊലീസ് നേതൃത്വവുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും ഡി‍ജിപി പറഞ്ഞു.

തായ്‌ലൻഡ്, കംബോഡിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലെ മയക്കുമരുന്ന് മാഫിയകളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നും ചോദ്യം ചെയ്യലിലൂടെ ലഭിച്ച നിർണായക വിവരങ്ങൾ മറ്റ് അന്വേഷണ ഏജൻസികളുമായി പങ്കുവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരി ഉപയോഗത്തിനെതിരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം ബോധവൽക്കരണ പ്രവർത്തനങ്ങളും ശക്തമായി തുടരുന്നുണ്ടെന്നും ഡി‍ജിപി പറഞ്ഞു.

4,146 കേസുകൾ; 4,471 പേർ അറസ്റ്റിൽ

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇന്നലെ വരെ 4,146 കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. വിവിധ ലഹരിക്കേസുകളിലായി 4,471 പേരെയാണ് അറസ്റ്റ് ചെയ്തത്.

പരിശോധനയിൽ 2,203 ഗ്രാം എംഡിഎംഎയും 376 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. കൊമേഴ്ഷ്യൽ ക്വാണ്ടിറ്റിയുമായി ബന്ധപ്പെട്ട് 36 കേസുകളും രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. ഓപ്പറേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അധികൃതർ അറിയിച്ചു.

You may also like