കൊച്ചി: സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ വ്യാപക പരിശോധനയിൽ 227 പേരെ അറസ്റ്റ് ചെയ്തു. 209 കേസുകൾ രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്ത കേസുകളിൽ മീഡിയം ക്വാണ്ടിറ്റി ലഹരിവസ്തുക്കൾ കൈവശം വെച്ചതിന് എട്ട് കേസുകളും, കൊമേഴ്‌സ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് രണ്ട് കേസുകളും, കോപ്റ്റ (COTPA) നിയമപ്രകാരം 66 കേസുകളും ഉൾപ്പെടുന്നു.
പ്രതികളിൽ നിന്ന് 36.927 ഗ്രാം എംഡിഎംഎ, 8 ഗ്രാം ഹാഷിഷ്, 33.623 കിലോഗ്രാം കഞ്ചാവ്, 0.50 ഗ്രാം ഹെറോയിൻ എന്നിവ പിടിച്ചെടുത്തു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇതുവരെ സംസ്ഥാനത്ത് 5,134 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആകെ 5,504 പേരെ അറസ്റ്റ് ചെയ്തു. ഇതുവരെ 3,370.479 ഗ്രാം എംഡിഎംഎയും 420.469 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം 86 ബോധവത്കരണ ക്ലാസുകളും അഞ്ച് കൗൺസിലിംഗ് പരിപാടികളും കേരള പൊലീസ് സംഘടിപ്പിച്ചു. ഇതുവരെ 5,558 ബോധവത്കരണ ക്ലാസുകളും 262 കൗൺസിലിംഗ് പരിപാടികളും നടത്തിയിട്ടുണ്ട്. സ്കൂൾ-കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ആകെ 4,897 ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു.
ലഹരി വിപണനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് 9497979794, 9497927797 എന്നീ നമ്പറുകളിലോ, വാട്സ്ആപ്പ് നമ്പറായ 9995966666-ലോ പൊലീസിനെ അറിയിക്കാം. വിവരം നൽകുന്നവരുടെ വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

