ബെംഗളൂരു: കർണാടകയിലെ ചിക്കബല്ലാപുര ജില്ലയിലെ നന്തി ഹിൽസിന് സമീപമുള്ള ഹോംസ്റ്റേയിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിനെ അതേ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഇരുവരും ഹോംസ്റ്റേയിൽ മുറിയെടുത്തത്. മുറി ഒഴിയേണ്ട സമയം കഴിഞ്ഞിട്ടും തിങ്കളാഴ്ച ഇവരെ കാണാതിരുന്നതിനെ തുടർന്ന് ജീവനക്കാർ പരിശോധിച്ചപ്പോൾ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയപ്പോഴാണ് യുവതിയെ മരിച്ച നിലയിലും യുവാവിനെ അബോധാവസ്ഥയിലുമാണ് കണ്ടെത്തിയത്.
ഫിസിയോതെറാപ്പിസ്റ്റായ സായ് സുരഭിയാണ് മരിച്ചത്. അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് എഞ്ചിനീയറായ സഞ്ജീത് അലിയാണ്. സംഭവസ്ഥലത്ത് നിന്ന് ഒരു കയറും ചില ഗുളികകളും പൊലീസ് കണ്ടെടുത്തു. ഇരുവരും വിഷം കഴിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷമേ കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.
സഞ്ജീത് അലി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചതാണോ, അതോ ഇരുവരും ഒരുമിച്ച് ജീവനൊടുക്കാൻ തീരുമാനിച്ചതാണോ എന്നതടക്കമുള്ള എല്ലാ സാധ്യതകളും പൊലീസ് അന്വേഷിച്ചുവരികയാണ്.
ചിക്കബല്ലാപുര ജില്ലാ പൊലീസ് സൂപ്രണ്ട് കുശാൽ ചൗക്സി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്.
മരിച്ച സായ് സുരഭിയും സഞ്ജീത് അലിയും ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. ഇവരുടെ ബന്ധത്തെ ഇരു കുടുംബങ്ങളും ശക്തമായി എതിർത്തിരുന്നുവെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

