Home Keralaമുല്ലപ്പെരിയാർ ചർച്ചയിൽ നിർണായക സന്ദേശം; ‘തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ’, രണ്ട് സംസ്ഥാനങ്ങളും ഒരുപോലെ പ്രധാനമെന്ന് രാജീവ് പ്രതാപ് റൂഡി

മുല്ലപ്പെരിയാർ ചർച്ചയിൽ നിർണായക സന്ദേശം; ‘തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ’, രണ്ട് സംസ്ഥാനങ്ങളും ഒരുപോലെ പ്രധാനമെന്ന് രാജീവ് പ്രതാപ് റൂഡി

by news_desk1
0 comments

കൊച്ചി: മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ഒരു നിലപാടും പ്രഖ്യാപിക്കുന്നില്ലെന്നും കേരളവും തമിഴ്നാടും ഒരുപോലെ പ്രധാനമാണെന്നും ജലവിഭവ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജീവ് പ്രതാപ് റൂഡി പറഞ്ഞു. ജനങ്ങളുടെ സുരക്ഷയും കുടിവെള്ളവും ഒരുപോലെ പ്രധാനമാണെന്നും, രണ്ട് സംസ്ഥാനങ്ങളുടെയും ആശങ്കകൾ കമ്മിറ്റി കേട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും ഉറപ്പാക്കുന്നതാണ് പ്രധാന ലക്ഷ്യമെന്നും രാജീവ് പ്രതാപ് റൂഡി പറഞ്ഞു.

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന വിഷയത്തിൽ കേന്ദ്ര ജലവിഭവ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുന്നിൽ കേരളവും തമിഴ്നാടും ഇന്ന് ചർച്ച നടത്തി. മൂന്നാറിൽ നടന്ന യോഗത്തിൽ ഇരു സംസ്ഥാനങ്ങളിലെയും വകുപ്പ് സെക്രട്ടറിമാർ പങ്കെടുത്തു.

‘തമിഴ്നാടിന് വെള്ളം, കേരളത്തിന് പുതിയ ഡാം’ എന്ന നിലപാടാണ് കേരളം യോഗത്തിൽ അവതരിപ്പിച്ചത്. കേന്ദ്ര ജല കമ്മീഷന് കീഴിലുള്ള കേരളത്തിലെ വിവിധ പദ്ധതികളെയും യോഗത്തിൽ ചർച്ച ചെയ്തു. കേന്ദ്ര ജലവിഭവ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജീവ് പ്രതാപ് റൂഡിയുടെ നേതൃത്വത്തിലായിരുന്നു യോഗം. എംപിമാരായ ജെബി മേത്തറും ഡീൻ കുര്യാക്കോസും കമ്മിറ്റിയിൽ അംഗങ്ങളാണ്.

ഒരിടവേളയ്ക്ക് ശേഷമാണ് മുല്ലപ്പെരിയാർ വിഷയത്തിൽ കേരളവും തമിഴ്നാടും തമ്മിലുള്ള അന്തർസംസ്ഥാന ചർച്ച നടക്കുന്നത്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങളെ എതിർക്കുമെന്ന് തമിഴ്നാട് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. സർക്കാർ നയപ്രഖ്യാപനത്തിൽ 152 അടിയായി ജലനിരപ്പ് ഉയർത്താനുള്ള ശ്രമങ്ങൾ തുടരുമെന്നും, ഡാമിന്റെ അറ്റകുറ്റപ്പണികളുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് രണ്ട് സംസ്ഥാനങ്ങളും കേന്ദ്ര പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുന്നിൽ വീണ്ടും ചർച്ച നടത്തിയത്.

You may also like