ബെംഗളൂരു: നന്തിഹിൽസിലെ സ്വകാര്യ ഹോംസ്റ്റേയിൽ ഫിസിയോതെറാപ്പിസ്റ്റായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ബെംഗളൂരു ജയനഗർ സ്വദേശിനി സായ് സുരഭി (26)യുടെ മരണവുമായി ബന്ധപ്പെട്ടാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്. യുവതിയുടെ മൃതദേഹത്തിനൊപ്പം അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് കോഴിക്കോട് സ്വദേശിയായ സഞ്ജിത് അലി (25)യാണെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ ഇയാൾ ബെംഗളൂരുവിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.
തിങ്കളാഴ്ചയാണ് നന്തിഹിൽസിലെ സ്വകാര്യ ഹോംസ്റ്റേയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കയർ ചുറ്റിയ നിലയിൽ കട്ടിലിൽ കിടക്കുകയായിരുന്നു മൃതദേഹം. സമീപത്ത് സഞ്ജിത് അലിയെ അബോധാവസ്ഥയിലും കണ്ടെത്തി. നിരവധി ഉറക്കഗുളികകളും ഒരു ഡയറിയും മുറിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന പ്രാഥമിക നിഗമനമുണ്ടെങ്കിലും ഇക്കാര്യം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇരുവരും ഒരുമിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോയെന്ന സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.
മൂന്ന് ദിവസം മുൻപാണ് സഞ്ജിത് അലി ഹോംസ്റ്റേയിൽ മുറിയെടുത്തത്. പിന്നീട് സായ് സുരഭി അവിടെയെത്തി. തിങ്കളാഴ്ച മുറിയൊഴിയുമെന്നാണ് ഇരുവരും അറിയിച്ചിരുന്നത്. എന്നാൽ പുറത്തേക്ക് കാണാതിരുന്നതിനെ തുടർന്ന് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് യുവതിയെ മരിച്ച നിലയിലും യുവാവിനെ അബോധാവസ്ഥയിലും കണ്ടെത്തിയത്.
പ്രണയവും ഒരുമിച്ചുള്ള ജീവിതവും
കോളേജ് പഠനകാലത്താണ് സായ് സുരഭിയും സഞ്ജിത് അലിയും തമ്മിൽ പരിചയപ്പെടുകയും അടുപ്പത്തിലാകുകയും ചെയ്തതെന്ന് യുവതിയുടെ ബന്ധുക്കൾ പറയുന്നു. സഞ്ജിത് അലി നിരന്തരം മയക്കുമരുന്ന് നൽകി യുവതിയെ ലഹരിക്കടിമയാക്കിയെന്നാണ് കുടുംബത്തിന്റെ ആരോപണം.
പ്രണയത്തിലായിരുന്ന ഇരുവരും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും യുവതിയുടെ കുടുംബം എതിർത്തു. തുടർന്ന് സുരഭി വീട് വിട്ടിറങ്ങി സഞ്ജിത്തിനൊപ്പം താമസിച്ചു. കുടുംബം പരാതി നൽകിയതിനെ തുടർന്ന് പൊലീസ് യുവതിയെ കണ്ടെത്തിയെങ്കിലും സഞ്ജിത്തിനൊപ്പം തുടരാനാണ് താൽപര്യമെന്ന് സുരഭി അറിയിച്ചതോടെ പൊലീസ് ഇരുവരെയും ഒരുമിച്ച് വിട്ടയച്ചു.
എന്നാൽ ഒരുമിച്ച് താമസിച്ചിരുന്ന കാലയളവിൽ സഞ്ജിത് അലി സുരഭിയെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. സ്വകാര്യ ഭാഗങ്ങളിലടക്കം പരിക്കേൽപ്പിക്കുന്ന തരത്തിൽ ക്രൂരമായി മർദിച്ചിരുന്നുവെന്നും, ഇതിന് തെളിവായി മർദനമേറ്റ ചിത്രങ്ങളും കുടുംബം പുറത്തുവിട്ടിട്ടുണ്ട്.
ലഹരിക്കടിമയാക്കിയെന്ന ആരോപണം
സഞ്ജിത് അലി സുരഭിക്ക് സ്ഥിരമായി മയക്കുമരുന്ന് നൽകിയിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. അടുത്തിടെ ഒരു ലഹരിപാർട്ടിയിൽ നിന്ന് ഇരുവരെയും മയക്കുമരുന്നുമായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എൻഡിപിഎസ് നിയമപ്രകാരം ഇരുവരും ജയിലിലായെങ്കിലും പിന്നീട് യുവതിയുടെ കുടുംബം ജാമ്യത്തിലിറക്കി.
തുടർന്ന് സുരഭിയെ മൈസൂരുവിലെ ലഹരിവിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഏകദേശം ആറുമാസത്തെ ചികിത്സയ്ക്ക് ശേഷം ബെംഗളൂരുവിലെത്തിയ സുരഭി അമ്മയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്.
ആഴ്ചകൾക്ക് മുൻപാണ് സുരഭി ഫിസിയോതെറാപ്പിസ്റ്റായി പുതിയ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചതെന്ന് കുടുംബം പറയുന്നു. ജോലിയുടെ ഭാഗമായി ചിക്കബല്ലാപുരിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) ക്യാമ്പസിലെത്തിയ വിവരം അറിഞ്ഞ സഞ്ജിത് അലിയും അവിടെയെത്തി. തുടർന്ന് നന്തിഹിൽസിലെ ഹോംസ്റ്റേയിൽ മുറിയെടുത്ത ഇയാൾ സുരഭിയെ അവിടേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നും, മൂന്ന് ദിവസത്തോളം ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത ലഭിക്കൂവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അബോധാവസ്ഥയിൽ കണ്ടെത്തിയ സഞ്ജിത് അലി ഇപ്പോഴും ചികിത്സയിലാണ്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

