മലപ്പുറം: അതീവ അപൂർവ വൈകല്യവുമായി ജനിച്ച നവജാതശിശുവിന് അതിസങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ പുതുജീവൻ നൽകി ഡോക്ടർമാർ. മുക്കം സ്വദേശികളായ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് ജനിച്ച് മൂന്ന് ദിവസം പ്രായമുള്ളപ്പോൾ ശസ്ത്രക്രിയയ്ക്ക് വിധേയമായത്. ചികിത്സയ്ക്ക് ശേഷം ആരോഗ്യനില വീണ്ടെടുത്ത കുഞ്ഞ് പത്താം ദിവസം ആശുപത്രി വിട്ടു.
ലോകത്താകെ ഇതുവരെ അഞ്ഞൂറോളം പേരിൽ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ള അപ്ലാസിയ ക്യൂട്ടിസ് കൺജനീറ്റ എന്ന അപൂർവ രോഗാവസ്ഥയോടെയായിരുന്നു കുഞ്ഞിന്റെ ജനനം. തലയിൽ 7×4 സെന്റീമീറ്റർ വലുപ്പമുള്ള ദ്വാരത്തിലൂടെ തലച്ചോറിനെ പൊതിഞ്ഞിരിക്കുന്ന ഡ്യൂറ മാറ്റർ പുറത്തുകാണുന്ന നിലയിലായിരുന്നു കുഞ്ഞ്. ചെറിയൊരു പരിക്കോ അണുബാധയോ പോലും ജീവന് ഗുരുതര ഭീഷണിയാകുന്ന സാഹചര്യമായിരുന്നു ഇത്.
ഈ അതിസങ്കീർണ്ണ അവസ്ഥ മറികടക്കാൻ ന്യൂറോ സർജറി, പ്ലാസ്റ്റിക് സർജറി, നിയോനറ്റോളജി, അനസ്തേഷ്യോളജി വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ ചേർന്ന് ശസ്ത്രക്രിയ നടത്തി. ഏർലി ലെഫ്റ്റ് ടെമ്പറൽ റൊട്ടേഷണൽ സ്കാൽപ് ഫ്ലാപ്പ് റീകൺസ്ട്രക്ഷൻ എന്ന അതിനൂതന ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിന് ചികിത്സ നൽകിയത്.
ആദ്യം തലച്ചോറിന് യാതൊരു ക്ഷതവും സംഭവിക്കാതെ ഡ്യൂറ മാറ്റർ സംരക്ഷിക്കുന്ന നടപടിയാണ് ന്യൂറോ സർജറി വിഭാഗം പൂർത്തിയാക്കിയത്. തുടർന്ന് കുഞ്ഞിന്റെ സ്വന്തം തലയിലെ ചർമ്മം ഉപയോഗിച്ച് വിടവ് നികത്തുന്ന ഫ്ലാപ്പ് റീകൺസ്ട്രക്ഷൻ പ്ലാസ്റ്റിക് സർജറി വിഭാഗം നിർവഹിച്ചു.
പരസ്പര ഏകോപനവും കൃത്യമായ ആസൂത്രണവുമാണ് ശസ്ത്രക്രിയയുടെ വിജയത്തിന് കാരണമായതെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകിയ ന്യൂറോ സർജൻ ഡോ. എം. ഷെയ്ഖ് മുഹമ്മദ് സമീർ ഖാൻ, പ്ലാസ്റ്റിക് സർജൻ ഡോ. ജിന്റോ, നിയോനറ്റോളജിസ്റ്റുകളായ ഡോ. സുമയ്യ അബ്ദുള്ള, ഡോ. മുഹമ്മദ് അജ്മൽ എന്നിവർ വ്യക്തമാക്കി. അനസ്തേഷ്യ വിഭാഗം മേധാവി ഡോ. മുഹമ്മദ് ഷഹീനോടൊപ്പം ഡോ. റനീന, ഡോ. സബ്ല റഷീദ് പി, ഡോ. ആതിര രാജു എന്നിവരും ശസ്ത്രക്രിയയിൽ പങ്കെടുത്തു.
മൂന്ന് കിലോഗ്രാം മാത്രം ഭാരമുള്ള നവജാതശിശുവിന് അനസ്തേഷ്യ നൽകുക അതീവ അപകടസാധ്യതയുള്ള നടപടിയായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. അവയവങ്ങളുടെ വളർച്ച പൂർണമാകാത്തതിനാൽ മരുന്നുകളുടെ അളവ് കൃത്യമായി നിയന്ത്രിക്കുന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെയാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.
ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിന്റെ പരിചരണത്തിലായിരുന്ന മാതാവിന്റെ കുഞ്ഞിന് ജനനം മുതൽ തന്നെ വിദഗ്ധ ചികിത്സ ഉറപ്പാക്കിയിരുന്നു. നഗരങ്ങളിൽ മാത്രം ലഭ്യമാകുന്ന അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ഗ്രാമീണ മേഖലയിലും ലഭ്യമാക്കിയതും സമയബന്ധിതമായി ചികിത്സ ആരംഭിക്കാനായതുമാണ് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ നിർണായകമായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അതിസങ്കീർണ്ണ ശസ്ത്രക്രിയയ്ക്കുശേഷം ആരോഗ്യനില വീണ്ടെടുത്ത കുഞ്ഞ് മാതാപിതാക്കൾക്കൊപ്പം ആശുപത്രി വിട്ടതായി ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അത്യാഹിത ഘട്ടങ്ങളിൽ ദീർഘദൂരം യാത്ര ചെയ്യാതെ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കാനായത് ഈ വിജയത്തിന്റെ പ്രധാന ഘടകമായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.

